match

ഇൻ‌ഡോർ: ലോകകപ്പ് ടി20യ്‌ക്ക് മുൻപായുള‌ള പരമ്പരയിൽ പരിപൂർണ പരാജയം എന്ന അപമാനം നല്ല സ്‌റ്റൈലായി തന്നെ മറികടന്ന് ദക്ഷിണാഫ്രിക്ക. ഇന്ത്യയ്‌ക്കെതിരായ മൂന്നാം മത്സരത്തിൽ 49 റൺസിന്റെ ആധികാരിക വിജയം തന്നെ അവ‌‌ർ സ്വന്തമാക്കി.

228 റൺസ് എന്ന വമ്പൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കത്തിലെ കനത്ത തിരിച്ചടികളായിരുന്നു നേരിട്ടത്. നേരിട്ട രണ്ടാം പന്തിൽ നായകൻ രോഹിത് ശർമ്മ പുറത്ത് (0), പിന്നാലെ ശ്രേയസ് അയ്യരും പുറത്ത്(1). ഋഷഭ് പന്തും ദിനേശ് കാർത്തിക്കും ചേർന്ന് അതിവേഗം സ്‌കോർ ചലിപ്പിക്കുന്നതിനിടെ പന്ത്(27) പുറത്തായി. അപാര ഫോമിൽ തകർപ്പൻ ഷോട്ടുകളിലൂടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിർദാക്ഷിണ്യം നേരിട്ട കാർത്തിക്ക് 21 പന്തിൽ 46 റൺസിന് പുറത്തായി. നാല് ഫോറും സിക്‌‌സുകളും അടങ്ങിയതായിരുന്നു കാർത്തികിന്റെ ഇന്നിംഗ്സ്.

ഇവർ മടങ്ങിയതോടെ പക്ഷെ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ ക്രീസിൽ നിലയുറപ്പിക്കാൻ മറന്നു. വാലറ്റക്കാരായ ദീപക് ചഹർ (17 പന്തിൽ 31), ഉമേഷ് യാദവ് (17 പന്തിൽ 20) എന്നിവരേ പിന്നീട് പിടിച്ചുനിന്നുള‌ളു. മത്സരം അവസാനിക്കാൻ ഒൻപത് പന്ത് ബാക്കി നിൽക്കെ മുഹമ്മദ് സിറാജ് പുറത്തായതോടെ ഇന്ത്യൻ പോരാട്ടം 178ന് അവസാനിച്ചു. നോർക്യേയ്‌ക്ക് പകരം ഇന്ന് ടീമിൽ ഇടം കണ്ട പ്രിട്ടോറിയസ് 3 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. കാർത്തിക്കിന്റേതടക്കം രണ്ട് വിക്കറ്റ് വീഴ്‌ത്തിയ കേശവ് മഹാരാജ്, വെയ്‌ൻ പാർണൽ, ലുങ്കി എങ്കിടി എന്നിവർ തല്ല് വാങ്ങിയെങ്കിലും വിക്കറ്റുകൾ വീഴ്‌ത്തി.

നേരത്തെ സെഞ്ചുറി നേടിയ റിലീ റൂസോ (48 പന്തിൽ 100), 43 പന്തിൽ 68 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക്, വെറും അഞ്ച് പന്തിൽ 19 റൺസ് നേടിയ ഡേവിഡ് മില്ലർ എന്നിവരുടെ മികച്ച ഇന്നിംഗ്‌സാണിത് ദക്ഷിണാഫ്രിക്കയ്‌ക്ക് വമ്പൻ ടോട്ടൽ നൽകിയത്.