5g-jio

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് മുതൽ 5ജി സേവനങ്ങൾക്ക് തുടക്കമാകും. റിലയൻസ് ജിയോ ആണ് ഇന്ത്യയിൽ അതിവേഗ ഇന്റർനെറ്റ് സേവനമായ 5ജിയ്ക്ക് തുടക്കം കുറിക്കുന്നത്. നാല് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സേവനം ആരംഭിക്കുന്നത്. ഡൽഹി, മുംബയ്, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലാവും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുക. ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ജിയോയുടെ ട്രൂ 5ജി സേവനം ലഭ്യമാവുക.

ഈ ഉപഭോക്താക്കളിൽ നിന്ന് കമ്പനി 5ജി ഉപയോഗത്തിന്റെ അനുഭവം തേടും.തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് വെൽക്കം ഓഫറും ജിയോ അവതരിപ്പിക്കുന്നുണ്ട്. സെക്കന്റിൽ ഒരു ജി ബി സ്‌പീഡിൽ ഈ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റാ നൽകും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ 5ജിയിലേയ്ക്ക് അപ്‌ഗ്രേഡ് നൽകും. ട്രയൺ റൺ ഘട്ടം ഘട്ടമായി കൂടുതൽ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.

ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത എന്നീ മഹാനഗരങ്ങളടക്കം 13 നഗരങ്ങളിൽ മാത്രമാണ് 5ജി സേവനങ്ങൾ ലഭിക്കുകയെന്ന് ഉദ്ഘാടന ദിവസം തന്നെ അറിയിച്ചിരുന്നു. അടുത്ത വർഷത്തോടെ ഇന്ത്യയൊട്ടാകെ ഇത് ലഭ്യമാകും.

അതേസമയം, ഇന്ത്യയിൽ 5ജി സേവനത്തിന്റെ നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ല. എങ്കിലും മറ്റു രാജ്യങ്ങളിലേക്കാൾ ഇന്ത്യയിൽ നിരക്ക് കുറവായിരിക്കുമെന്നാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നൽകുന്ന സൂചന. ശരാശരി 25 ഡോളറാണ് (1900 രൂപ) മറ്റു രാജ്യങ്ങളിൽ ഈടാക്കുന്നത്. 5ജി ഫോണുകൾ കഴിഞ്ഞ വർഷം മുതൽ തന്നെ രാജ്യത്ത് അവതരിപ്പിച്ച് തുടങ്ങിയിരുന്നു. സമീപകാലത്ത് കമ്പനികൾ 5ജി ഫോണുകൾ മത്സരിച്ച് ഇറക്കിയതോടെ 4ജിയുടെ അതേ വിലയ്ക്ക് ഇന്ന് 5ജി ലഭ്യമാകും. എന്നാൽ 5ജി സിം ഇറങ്ങാൻ ഇനിയും മാസങ്ങൾ കാത്തിരിക്കണം. ഡിസംബറോടെ ഇന്ത്യയിൽ 5ജി സിം അവതരിപ്പിക്കുമെന്നാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.