indian-rupee

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിലേക്കും, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെയും തമിഴ്നാട്ടിൽ ഉടനീളമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ശാഖകളിലേക്കും വർഷങ്ങളായി നോട്ടുകൾ കെട്ടിവയ്ക്കുന്നതിനുള്ള കോട്ടൺ നൂലുകൾ തയ്യാറാക്കി നൽകുന്നത് അന്ധരായ ഒരു കൂട്ടം സ്ത്രീകളാണ്. പുത്തൻ നോട്ടുകളെ പിൻ ഉപയോഗിച്ച് കെട്ടുകളാക്കുന്നത് റിസർവ് ബാങ്ക് വിലക്കിയതിന് ശേഷമാണ് കോട്ടൺ നൂലുപയോഗിച്ച് കെട്ടാൻ ആരംഭിച്ചത്.

തമിഴ്നാട്ടിലെ ലിറ്റിൽ ഫ്ളവർ കോൺവെന്റിലാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്.

ദിവസവും ആറു മണിക്കൂറോളമാണ് തമിഴ്നാട്ടിലുള്ള അന്ധരായ ഈ സ്ത്രീകൾ നോട്ടുകൾ കെട്ടാനുള്ള കോട്ടൺ നൂലുകൾ തയ്യാറാക്കുന്നത്. മുപ്പത് സ്ത്രീകളാണ് ഈ ജോലി ചെയ്യുന്നത്. ഒരു കെട്ടിൽ നൂറ് നൂലുകളാണ് ഉണ്ടാവുക, ഇത്തരത്തിൽ പത്ത് കെട്ടുകൾ വച്ചാണ് പായ്ക്ക് ചെയ്യുന്നത്. ഇത് കൃത്യാമാണോ എന്ന് പരിശോധിക്കുന്നതിനായി സ്ത്രീകളുടെ മറ്റൊരു ഗ്രൂപ്പിന് കൈമാറും, അവരും കാഴ്ചയില്ലാത്തവരാണ്. അകക്കണ്ണിന്റെ വെട്ടത്തിൽ അവർ കൃത്യമായി ജോലിചെയ്യുന്നു. ദിവസവും രണ്ട് മണിക്കൂറുകളോളം പരസഹായമില്ലാതെ ബസിലും ട്രെയിനിലും യാത്ര ചെയ്താണ് ഇവർ ജോലിക്കെത്തുന്നത്.

കാഴ്ചയില്ലെങ്കിലും പരമാവധി വേഗത്തിൽ ജോലി ചെയ്യാൻ ഇവർക്കാകുന്നുണ്ട്. എന്നാൽ അതെങ്ങനെയാണെന്ന് ഇവർ പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം കാഴ്ചയുള്ള ഒരു ലോകത്തിനോടാണ് അവർ മത്സരിക്കുന്നത്. ഒരു ദേശീയമാദ്ധ്യമമാണ് തമിഴ്നാട്ടിലെ അന്ധരായ സ്ത്രീകളുടെ ഈ സംരംഭത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.