narendra-modi

ന്യൂഡൽഹി: ആഭ്യന്തരം, ഐടി തുടങ്ങിയ സുപ്രധാന പാർലമെന്ററി സമിതികളുടെ അദ്ധ്യക്ഷ പദവികളിൽ ഒന്നിൽപോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര സർക്കാർ. ചൊവ്വാഴ്ചയാണ് പാർലമെന്ററി സമിതികളെ പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.

സുപ്രധാന പാര്‍ലമെന്റി സമിതികളായ ആഭ്യന്തരം, ധനകാര്യം, ഐടി, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം എന്നിവ പുന:സംഘടിപ്പിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനേയും രണ്ടാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെയും പാടെ അവഗണിച്ചു. കേന്ദ്ര സർക്കാരിന്റേത് ക്രൂരമായ നടപടിയാണെന്നും ഏകാധിപത്യത്തിലേക്കുള്ള നീക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ആഭ്യന്തര പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എം പി മനു അഭിഷേക് സിങ്‌വിയെ മാറ്റി ബിജെപി എംപിയും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ബ്രിജ് ലാലിനെ നിയമിച്ചു. മുമ്പ് ആനന്ദ് ശര്‍മയായിരുന്നു ഈ സമിതിയുടെ അദ്ധ്യക്ഷന്‍.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെ പാര്‍ലമെന്ററി ഐടി സമിതിയുടെ തലപ്പത്ത് നിന്ന് നീക്കി. പകരം ഏക്‌നാഥ് ഷിൻഡേ പക്ഷത്തുള്ള ശിവസേന എംപി പ്രതാപ്‌റാവു ജാദവിനെ നിയമിച്ചു. ഈ സമിതിയുടെ ചെയര്‍മാനായിരിക്കെ തരൂരിന്റെ നടപടികള്‍ക്കെതിരെ ഭരണകക്ഷി എംപിമാര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ പലതവണ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

അതേസമയം, ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച സമിതിയുടെ ചെയര്‍പേഴ്സണായി ജയറാം രമേശിനെ വീണ്ടും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് നിലവിലുള്ള ഏക പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷ പദവിയാണിത്. വാണിജ്യകാര്യ സമിതി സംബന്ധിച്ച് പുതിയ പട്ടികയില്‍ പരാമര്‍ശമില്ല. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 53 ഉം രാജ്യസഭയില്‍ 31 ഉം എംപിമാരാണ് ഉള്ളത്. തൃണമൂലിന് ലോക്‌സഭയില്‍ 23ഉം രാജ്യസഭയില്‍ 13 എംപിമാരുണ്ട്. എന്നാൽ ലോക്സഭയിൽ 24ഉം രാജ്യസഭയിൽ പത്തും എംപിമാരുള്ള ഡിഎംകെയ്ക്ക് നിലവിൽ രണ്ട് സമിതികളുടെ അദ്ധ്യക്ഷ പദവികളുണ്ട്.

തിരുച്ചി ശിവ വ്യവസായ സമിതിയുടേയും കനിമൊഴി ഗ്രാമവികസന-പഞ്ചായത്ത് രാജ് സമിതിയുടെയും തലപ്പത്തുള്ളവരാണ്.

സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവിനെ മാറ്റി ആരോഗ്യ-കുടുംബ ക്ഷേമ സമിതിയുടെ ചെയര്‍മാനായി ബിജെപി രാജ്യസഭാ എംപി ഭുവനേശ്വര്‍ കലിതയേയും നിയമിച്ചു. ഭക്ഷ്യ വിഭവങ്ങളുമായി സംബന്ധിച്ച പാനലിന്റെ അദ്ധ്യക്ഷയായി ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി വരും. വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍, കായികം എന്നീ വിഷയങ്ങളില്‍ അവരുടെ പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ വിവേക് ഠാക്കൂറും അദ്ധ്യക്ഷനാകും. ഭവന-നഗരകാര്യ സമിതിയെ നയിക്കാന്‍ ജഗദാംബിക പാലിനെ ഒഴിവാക്കി ജെഡിയുവിന്റെ രാജീവ് രഞ്ജന്‍ ലാലന്‍ സിംഗിനെ നിയമിച്ചു. ഊര്‍ജ സമിതിയുടെ അദ്ധ്യക്ഷ പദം ജഗദാംബിക പാലിന് നല്‍കുകയും ചെയ്തു.

എന്നാൽ, ബിജെപി നേതാക്കള്‍ തലപ്പത്തുള്ള പാനലുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ജയന്ത് സിന്‍ഹ ധനകാര്യ സമിതിയുടെയും ജുവല്‍ ഓറം പ്രതിരോധ സമിതിയുടെയും പി പി ചൗധരി വിദേശകാര്യ സമിതിയുടെയും തലവനായി തുടരും. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ്, നിയമം, നീതി എന്നിവ സംബന്ധിച്ച സമിതിയുടെ അദ്ധ്യക്ഷനാവും.