
കഴിക്കുന്ന ഭക്ഷണം, പാരമ്പര്യം, സംരക്ഷണം എന്നിവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. ആവശ്യമായ ഭക്ഷണം കഴിക്കുന്നതോടൊപ്പം രാത്രി കിടക്കുന്നതിന് മുമ്പായി മുടിയുടെ സംരക്ഷണത്തിന് കുറച്ച് സമയം മാറ്റി വച്ചാൽ ദിവസങ്ങൾക്കകം നിങ്ങളുടെ മുടിയിൽ മാറ്റം കാണാൻ കഴിയുന്നതാണ്. വെറും പത്ത് മിനിട്ട് ദിവസവും രാത്രി മാറ്റിവച്ചാൽ ആരോഗ്യകരമായ മുടി നിങ്ങൾക്കും സ്വന്തമാക്കാം.
മുടി ചീകുന്നത്
കിടക്കാൻ നേരം മുടി ചീകുന്നത് തലയോട്ടിയിലെ രക്തപ്രവാഹം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലൂടെ മുടി കൊഴിച്ചിൽ കുറയുകയും മുടി വേഗം വളരുകയും ചെയ്യുന്നു. തല കുനിച്ച് നിന്ന് മുടി കീഴ്പ്പോട്ടിട്ട് ചീകുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വൈറ്റമിൻ ഇ
കിടക്കാൻ നേരം അൽപ്പം വൈറ്റമിൻ ഇ ഓയിൽ ശിരോചർമ്മത്തിൽ തേച്ച് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. വൈറ്റമിൻ ഇ ക്യാപ്സ്യൂൾ വാങ്ങാൻ കിട്ടും. ഇത് പൊട്ടിച്ച് ഓയിൽ എടുക്കാവുന്നതാണ്. ഇത് മുടി കൊഴിച്ചിൽ മാറാനും വേരുകൾക്ക് ബലം നൽകാനും സഹായിക്കുന്നു. മുടിയിൽ ഈർപ്പം നൽകി വരൾച്ച മാറ്റാനും വൈറ്റമിൻ ഇ നല്ലതാണ്.
മുടി കെട്ടിവയ്ക്കുക
മുടി അഴിച്ചിട്ട് കിടക്കുന്നത് നല്ലതല്ല. ഇത് മുടി പൊട്ടിപ്പോകാൻ കാരണമാകും. അതിനാൽ മുടി കെട്ടിവച്ച ശേഷം ഉറങ്ങുക. വല്ലാതെ മുറുക്കി കെട്ടിവയ്ക്കരുത്. മുടി വേരുകൾ വലിഞ്ഞ് മുറുകുന്നതും മുടി പൊട്ടിപ്പോകാനും കാരണമാകുന്നു. അതിനാൽ മുടിവേരുകൾ വലിഞ്ഞ് മുറുകാത്ത രീതിയിൽ കെട്ടിവയ്ക്കുക.
ഈറൻ മുടി
ഒരിക്കലും ഈറൻ മുടിയോടെ കിടന്നുറങ്ങരുത്. മുടി പൊട്ടിപ്പോകാനും താരൻ ഉണ്ടാവാനും ഇത് കാരണമാകുന്നു. കോട്ടൺ തലയിണക്കവറുകൾക്ക് പകരം സിൽക്ക്, സാറ്റിൻ തലയിണക്കവറുകൾ ഉപയോഗിക്കുക. ഇവ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുകയും വേണം.