mango

നാട്ടിൽ മാമ്പഴത്തെ പറ്റിയാണ് ഇപ്പോൾ സംസാരം. വേലിതന്നെ വിളവ് തിന്നുന്നു എന്നു പറയുന്നതുപോലെ പൊലീസുകാരൻ പത്ത് കിലോ മാമ്പഴം കട്ട വാർത്തയാണ് സോഷ്യൽ മീഡിയയിലടക്കം നിറഞ്ഞു നിൽക്കുന്നത്. സംഭവത്തിൽ ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ശിഹാബിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ‌്തു.

മാമ്പഴവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം വന്നൊരു വാർത്തയാണ് ഇപ്പോൾ ഓർമ്മവരുന്നത്. പതിനായിരങ്ങൾ വിലയുള്ള ഇന്ത്യയിൽ തന്നെ അപൂർവ്വമായി കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം മിയസാക്കി, വീട്ടുമുറ്റത്തെ മാവിൽ കായ്ച്ചതായിരുന്നു സംഭവം. ഇതോടെ വീട്ടുകാർ മാവിന് ശക്തമായ കാവൽ ഏർപ്പെടുത്തുകയും ചെയ‌്തു. രണ്ട് മരങ്ങൾക്ക് കാവലായി നാല് സുരക്ഷാ ഉദ്യോഗസ്ഥരെയും ആറ് നായകളെയുമാണ് ഏർപ്പെടുത്തിയത്.

അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ വർഷം കിലോയ്ക്ക് 2.70 ലക്ഷം രൂപയ്ക്കാണ് ജാപ്പനീസ് മിയസാക്കി മാമ്പഴം വിറ്റ് പോയത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു ട്രെയിൻ യാത്രക്കിടെ സഹയാത്രികൻ നൽകിയ മാവിൻ തൈകളായിരുന്നു അത്.

മിയാസാക്കി മാമ്പഴം കായ്ച്ചതറിഞ്ഞ് നിരവധി പേരാണ് ഓർഡർ നൽകാൻ ബന്ധപ്പെട്ടത്. ഗുജറാത്തിലെ വ്യവസായ പ്രമുഖൻ ഒരു മാമ്പഴത്തിന് 21,000 രൂപ വരെ വാഗ്ദാനം ചെയ്തുവെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ജാപ്പനീസ് നഗരമായ മിയസാക്കിയിലാണ് ഈ അത്യപൂർവ മാമ്പഴം ആദ്യം കൃഷി ചെയ്തത്. അങ്ങനെയാണ് മാമ്പഴത്തിന് മിയസാക്കി മാമ്പഴം എന്ന പേര് ലഭിച്ചത്.