komaki-venice

ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ കൊമാകി അടുത്തിടെ അവതരിപ്പിച്ച പുത്തൻ മോഡൽ വെനീസ് ഇക്കോ വാഹനപ്രേമികളുടെ വലിയൊരു സംശയത്തിന് മറുപടിയുമായാണ് അവതരിച്ചിരിക്കുന്നത്. അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ചാർജ്ജിംഗിനിടയിലും, പാർക്ക് ചെയ്യുമ്പോൾ പോലും തീ പിടിക്കുന്നത് ഏറെ ചർച്ചയായിരുന്നു. എന്നാൽ തങ്ങളുടെ പുതിയ മോഡലായ വെനീസിൽ അഗ്നിയെ പ്രതിരോധിക്കുന്ന സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി വാഗ്ദ്ധാനം ചെയ്യുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറിൽ അഗ്നി പ്രതിരോധശേഷിയുള്ള ലിഥിയം ഫെറോ ഫോസ്‌ഫേറ്റ് ബാറ്ററിയും, ഇതിനൊപ്പം ലിഥിയം ബാറ്ററി അനലൈസറും സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. 3കിലോ വാട്ട് ലിഥിയം ഫെറോ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് വെനീസ് ഇക്കോ ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. ഇത് 85 മുതൽ 100 കിലോമീറ്റവർ വരെ റേഞ്ച് വാഗ്ദ്ധാനം ചെയ്യുന്നു, ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 3 - 4 മണിക്കൂർ സമയം വേണ്ടി വരും. ബാറ്ററികൾ സുരക്ഷിതമാണെന്നും അതിന്റെ സെല്ലുകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ തീപിടിത്തം ഉണ്ടാകില്ലെന്നും കമ്പനി പറയുന്നു. ഇതിനൊപ്പം താപം കുറയ്ക്കുന്നതിനും ബാറ്ററിയിൽ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്.

വെനീസിനെ വാഹന പ്രേമികൾ ഇഷ്ടപ്പെടാനുള്ള മറ്റൊരു കാരണം ഇതിന്റെ വിലയാണ്. ഇന്ത്യയിലെമ്പാടും 79000 രൂപയാണ് വെനീസിന്റെ എക്സ്‌ഷോറൂം വില. സാക്രമെന്റോ ഗ്രീൻ, ഗാർനെറ്റ് റെഡ്, മെറ്റാലിക് ബ്ലൂ, ജെറ്റ് ബ്ലാക്ക്, സിൽവർ ക്രോം, ബ്രൈറ്റ് ഓറഞ്ച് എന്നീ ആറ് കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലാണ് വെനീസ് വരുന്നത്. സ്‌കൂട്ടർ യാത്രികർക്ക് സഹായകരമായ ടി എഫ് ടി ഡിസ്‌പ്ലേയാണ് വാഹനത്തിലുള്ളത്.