mm

ദീപാവലി റിലീസായി മോഹൻലാലിന്റെയും നിവിൻ പോളിയുടെയും ചിത്രങ്ങൾ ഒരേ ദിവസം എത്തുന്നു. മോഹൻലാലിന്റെ മോൺസ്റ്റർ നിവിൻപോളിയുടെ പടവെട്ട് എന്നീ ചിത്രങ്ങളാണ് ഒക്ടോബർ 21ന് റിലീസ് ചെയ്യുന്നത്. മഹാവീര്യർക്കുശേഷം തിയേറ്റർ റിലീസായി എത്തുന്ന നിവിൻപോളി ചിത്രമാണ് പടവെട്ട്. പുലിമുരുകനുശേഷം മോഹൻലാലും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന ചിത്രത്തിൽ ലക്കിസിംഗ് എന്ന കഥാപാത്രത്തെയാണ് മെഗാതാരം അവതരിപ്പിക്കുന്നത്. പുലിമുരുകന്റെ രചയിതാവായ ഉദയകൃഷ്ണ ആണ് മോൺസ്റ്ററിന്റെ തിരക്കഥ. ലക്ഷ്മിമഞ്ചു, ഹണി റോസ്, സ്വാസിക, ജോണി ആന്റണി, സുദേവ് നായർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആറാട്ടിനുശേഷം തിയേറ്റർ റിലീസായി എത്തുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. നവാഗതനായ ലിജുകൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന പടവെട്ടിൽ അദിതി ബാലൻ, ഷമ്മി തിലകൻ, സുധീഷ്, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിവരാണ് മറ്റു താരങ്ങൾ.രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. ദീപക് ഡി. മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സണ്ണി വയ്‌ൻ, വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.