uefa

മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പിൽ രണ്ടാം തോൽവി വഴങ്ങി ബാഴ്‌സലോണ. കഴിഞ്ഞരാത്രി ഇന്റർ മിലാനോട് അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ തോറ്റത്. ആദ്യ പകുതിയുടെ അധികസമയത്ത് ഹകാൻ ചലനോലുവാണ് ഇന്ററിനായി സ്‌കോർ ചെയ്തത്.

67-ാം മിനിട്ടിൽ പെഡ്രിയിലൂടെ ബാഴ്‌സ സമനില ഗോൾ നേടിയിരുന്നെങ്കിലും വാർ പരിശോധിച്ച റഫറി ഗോൾ നിഷേധിച്ചു. പെഡ്രി സ്‌കോർ ചെയ്യും മുമ്പ് അൻസു ഫാത്തിയുടെ കൈയിൽ പന്ത് തട്ടിയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് റഫറി ഹാൻഡ് ബാൾ വിളിക്കുകയായിരുന്നു. പിന്നീട് ഗോൾ സ്‌കോർ ചെയ്യാൻ ബാഴ്‌സയ്ക്ക് സാധിച്ചില്ല.

ജയത്തോടെ ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ഇന്റർ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള ബാഴ്‌സ മൂന്നാം സ്ഥാനത്താണ്. മൂന്നിൽ മൂന്നും ജയിച്ച് ബയേൺ മ്യൂണിക്കാണ് ഗ്രൂപ്പിൽ ഒന്നാമത്.മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് വിക്ടോറിയ പ്ളസനെയാണ് ബയേൺ കഴിഞ്ഞരാത്രി തോൽപ്പിച്ചത്.

മറ്റ് മത്സരങ്ങളിൽ ലിവർപൂൾ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് സ്കോട്ടിഷ് ക്ളബ് റേഞ്ചേഴ്സിനെ തോൽപ്പിച്ചപ്പോൾ ഇറ്റാലിയൻ ക്ളബ് നാപ്പോളി 6-1ന് ഡച്ച് ക്ളബ് അയാക്സിനെ തകർത്തു. ടോട്ടൻഹാം ജർമ്മൻ ക്ളബ് എയ്ട്രാൻക്ടുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മുൻ ഫൈനലിസ്റ്റുകളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ക്ളബ് ബ്രൂഗെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചു.