reliance

മുംബയ്: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്നും റിലയൻസിന്റെ മുംബയിലെ ആശുപത്രി ബോംബുവച്ച് തകർക്കുമെന്നും ഭീഷണി. മുംബയിലെ റിലയൻസ് ആശുപത്രിയിൽ ഫോണിലൂടെയാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്.

ഉച്ചയ്‌ക്ക് 12.57ഓടെ ലഭിച്ച വധഭീഷണിയെ തുടർന്ന് മുംബയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻപ് ഓഗസ്‌റ്റ് 15നും ആശുപത്രിയിൽ റിലയൻസ് ഗ്രൂപ്പിന് നേരെ ഭീഷണി ഫോൺ സന്ദേശം ലഭിച്ചിരുന്നു. അന്ന് എട്ടോളം ഫോൺ കോളുകളാണ് വന്നത്. ഫോൺ ചെയ്‌തയാളെ ദഹിസാറിൽ വച്ച് കണ്ടെത്തുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

ഇന്ന് ഉച്ചയ്‌ക്ക് 12.57ന് വന്ന ഭീഷണി കോളിൽ ആശുപത്രി ബോംബ് വച്ച് തകർക്കുമെന്നാണ് പറഞ്ഞത്. എന്നാൽ വൈകിട്ട് 5.04ന് വന്ന സന്ദേശത്തിൽ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവരെ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. അംബാനിയുടെ താമസസ്ഥലവും തക‌ർക്കുമെന്ന് പറഞ്ഞു. ഇതോടെയാണ് പരാതിപ്പെട്ടതെന്ന് റിലയൻസ് ഇൻഡസ്‌ട്രീസ് വക്താവ് വ്യക്തമാക്കി.