engagement

ന്യൂഡൽഹി: വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയുടെ ചിത്രം മോ‌ർഫ് ചെയ്‌ത് ലൈംഗിക തൊഴിലാളിയെന്ന പേരിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശിയായ സുധീർ കുമാറാണ് വിവാഹബന്ധത്തിൽ നിന്നും പിന്മാറിയതിന് യുവതിയുടെ നേരെ ഇങ്ങനെ പ്രതികാരം ചെയ്‌തത്. ഇയാൾ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് ബന്ധുക്കൾക്ക് അയക്കുകയും യുവതിയുടെ ഫോൺ നമ്പർ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തി അപമാനിക്കുകയും ചെയ്‌തു.

ഇതിനായി ഇയാൾ ഉപയോഗിച്ച വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തിയ പൊലീസ് ഇയാളെ ഡൽഹിയിൽ നിന്നും അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോണും സിം കാർഡും പിടിച്ചെടുത്ത പൊലീസ് അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും യുവതിയെ പിന്തുടർന്ന് ശല്യം ചെയ്‌തതിനുമടക്കം വിവിധ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു.