
വമ്പൻ തിരിച്ചുവരവിന്റെ പാതയിലാണ് ഒല ഇലക്ട്രിക് സ്‌കൂട്ടർ. ബാറ്ററികൾ തീപിടിച്ചതു മൂലം ഇലക്ട്രിക് വാഹനങ്ങളോട് മുഖം തിരിച്ചവർ ഇപ്പോൾ വീണ്ടും ഇരുകൈയും നീട്ടി ഒലയെ സ്വീകരിക്കുകയാണ്. നവരാത്രി ആഘോഷങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തിയ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാവ് ഒലയാണ്. ഓരോ മിനിട്ടിലും ഒരു സ്‌കൂട്ടർ വച്ച് ഒല വിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.
സെപ്തംബർ മാസവും ഒലയ്ക്ക് മികച്ച നേട്ടമുണ്ടാക്കാനായി. കഴിഞ്ഞ മാസം 9,634 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഇലക്ട്രിക് സ്‌കൂട്ടർ എന്ന നേട്ടവും ഒല സ്വന്തമാക്കിയിരുന്നു. ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കസ്റ്റമർ ടെസ്റ്റ് റൈഡുകൾ സംഘടിപ്പിക്കാനും ഒലയ്ക്ക് സാധിച്ചിട്ടുണ്ട്.
തുടക്കത്തിലെ തിരിച്ചടിയിൽ നിന്നും കരകയറാൻ കമ്പനിക്ക് സാധിച്ചത് മികച്ച കസ്റ്റമർ കെയർ സംവിധാനങ്ങൾ ഒരുക്കിയാണ്. ഫിസിക്കൽ ടച്ച് പോയിന്റുകളുടെ വിപുലീകരണത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. ഓഗസ്റ്റ് മാസത്തിൽ വിറ്റഴിച്ചതിന്റെ മൂന്നിരട്ടി സ്‌കൂട്ടറുകളാണ് സെപ്തംബറിൽ വിറ്റത്. ഒക്ടോബറിൽ ബമ്പർ നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സ്‌കൂട്ടർ വാങ്ങുന്നവർക്കായി മികച്ച ഫിനാൻസ് ഓഫറുകൾ അവതരിപ്പിക്കുവാനും കമ്പനിക്കായി. 2023ന്റെ ആദ്യ പാദത്തോടെ 200 എക്സ്പീരിയൻസ് സെന്ററുകൾ രാജ്യമെമ്പാടും സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി.
ഒല രണ്ടു മോഡലുകളിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇറക്കുന്നത് എസ് 1 പ്രോ, എസ് 1 എന്നിവയാണവ. ഉത്പന്നത്തിന് മികച്ച വാറന്റി, ലോണുകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക്, തിരഞ്ഞെടുത്ത എക്സ്പീരിയൻസ് സെന്റർ വഴി ഏഴ് ദിവസത്തെ ഉറപ്പായ ഡെലിവറി എന്നീ പുതിയ ഓഫറുകൾ അവതരിപ്പിക്കുന്നതിലൂടെ ഈ സീസണിൽ വിൽപ്പന കണക്കുകൾ വർദ്ധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.