accident

കൊച്ചി : ഏറെ സന്തോഷത്തോടെയും അതിലുപരി പ്രതീക്ഷയോടെയും പുറപ്പെട്ട യാത്ര വൻ ദുരന്തത്തിലേയ്ക്ക് വഴിമാറിയതിന്റെ ആഘാതത്തിലാണ് എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ​​​ബ​​​സേ​​​ലി​​​യോ​​​സ് ​​​വി​​​ദ്യാനികേതൻ സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. കളിചിരികളോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും പ്രിയ അദ്ധ്യാപകനും എന്നെന്നേക്കുമായി തങ്ങളെ വിട്ടുപോയെന്ന സത്യം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് രക്ഷപ്പെട്ട വിദ്യാർത്ഥികൾ.

school

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സ്കൂളിൽ നിന്ന് ഊട്ടിയിലേയ്ക്ക് തിരിക്കാനായിരുന്നു തീരുമാനം. എന്നാൽ ബസ് എത്താൻ വൈകിയതിനെ തുടർന്ന് രാത്രി ഏഴ് മണിയോടെയാണ് യാത്ര ആരംഭിച്ചത്. യാത്രയുടെ തുടക്കം മുതൽ അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് കൃത്യമായ നിർദേശം നൽകിയിരുന്നു. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം പോലും നിയന്ത്രിച്ച് കരുതലോടെയായിരുന്നു യാത്ര. അഞ്ച് അദ്ധ്യാപകരും 42 വിദ്യാർത്ഥികളുമാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 24പേർ പത്താം ക്ലാസ് വിദ്യാർത്ഥികളും മറ്റുള്ളവർ പ്ലസ് ടു വിദ്യാർത്ഥികളുമായിരുന്നു.

school

വാഹനം പുറുപ്പെട്ടപ്പോൾ തന്നെ അമിത വേഗത്തിലായിരുന്നു എന്നാണ് രക്ഷപ്പെട്ട വിദ്യാർത്ഥികൾ പറയുന്നത്. ആദ്യം 70-80 സ്പീഡിലായിരുന്ന വാഹനം അപകട സമയം 97.7 കിലോമീറ്റർ വേഗതയിലായിരുന്നു. വേഗംകൂടുതലല്ലേ എന്നു ചോദിച്ചപ്പോൾ പരിചയസമ്പന്നനായ ഡ്രൈവറായതിനാൽ സാരമില്ലെന്നായിരുന്നു മറുപടിയെന്ന് രക്ഷപ്പെട്ടവർ പറയുന്നു. അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അർദ്ധരാത്രി 12.30ഓടെ കെഎസ്ആർടിസി ബസിന്‍റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത്.

mb-rajesh-riyas

അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ചശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചശേഷം നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നു. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടം ഉണ്ടായത്. മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് വന്നതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്‍റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി.

അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി . എന്നാൽ ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഉള്ള ശ്രമം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്. ചിലർക്ക് അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു . കെഎസ്ആർടിസിയിലെ യാത്രക്കാർ പലരും റോഡിൽ തെറിച്ചുവീണ നിലയിൽ ആയിരുന്നു. ഒരാൾ കൈ കാണിച്ചപ്പോൾ കെഎസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്ക്‌ ഇട്ടെന്നു രക്ഷപ്രവർത്തകരും പറഞ്ഞു. പിറകിൽ അമിതവേ​ഗതയിൽ വന്ന ടൂറിസ്റ്റ് ബസ് ബ്രേക് ചവിട്ടിയെങ്കിലും നിർത്താൻ പറ്റിയില്ലെന്നുമാണ് രക്ഷപ്രവർത്തനത്തിനെത്തിയ സുധീഷ്, ജിജോ എന്നിവർ പറയുന്നത്.

അപകടത്തിൽ ഒമ്പതുപേരാണ് മരണപ്പെട്ടത്. ഇവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മരിച്ചവരിൽ അഞ്ചുപേർ വിദ്യാർ‌ത്ഥികളും ഒരാൾ സ്കൂളിലെ കായികാദ്ധ്യാപകനായ വിഷ്ണു(33)ആണ്. ഇമ്മാനുവല്‍ സി.എസ് (17) , എല്‍ന ജോസ് (15), അഞ്ജന അജിത് (17), ദിയ രാജേഷ് (15), ക്രിസ് വിന്റര്‍ബോണ്‍ തോമസ് (15) എന്നിവരാണ് മരിച്ച വിദ്യാര്‍ഥികള്‍. മരിച്ച മറ്റു മൂന്നുപേര്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ്. ദേശീയ ബാസ്‌കറ്റ് ബോള്‍ താരമായ രോഹിത് രാജും മരിച്ച കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്. മരിച്ച അദ്ധ്യാപകന്റെയും വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിന് വച്ചു. പരിക്കേറ്റ 38 പേരില്‍ നാലുപേരുടെ നില ഗുരുതരമാണെങ്കിലും അപകടകനില തരണം ചെയ്തിട്ടുണ്ട്.

school

അമ്മയ്ക്കൊപ്പം മടങ്ങാൻ അഞ്ജനയില്ല

കുടുംബവുമൊത്തുള്ള ഗുരുവായൂർ യാത്രയ്ക്ക് ശേഷമാണ് പ്ലസ് ടു വിദ്യാർത്ഥിയായ അഞ്ജനയും ക്ലാസ് ടീച്ചറായ അമ്മ ആശയും വിനോദയാത്രയ്ക്കായി സ്കൂളിലേയ്ക്ക് തിരിച്ചത്. അഞ്ജനയുടെ ഇളയ സഹോദരിയെ ഇടപ്പള്ളിയിലെ വീട്ടിലാക്കിയ ശേഷമാണ് ഇവർ സ്കൂളിലേയ്ക്കെത്തിയത്. എന്നാൽ സന്തോഷത്തോടെ അമ്മയെയും ചേച്ചിയെയും യാത്രയയച്ച കുഞ്ഞിന്റെ മുന്നിലേക്കെത്താൻ ഇനി അഞ്ജന ഉണ്ടാവില്ല. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ അഞ്ജനയുടെ മൃതദേഹം പൊതുദർശനത്തിനായി സ്കൂളിലെത്തിക്കും. അപകടത്തിൽ പരിക്കേറ്റ ആശ അപകടനില തരണം ചെയ്തിട്ടുണ്ട്.