
നമ്മുടെ മുൻ തലമുറ പാത്രം കഴുകുന്നതിനായി ചാരമാണ് ഉപയോഗിച്ചിരുന്നത്, പിന്നീട് ഈ സ്ഥാനം ഡിഷ് വാഷ് പൗഡറുകളും, ബാറുകളും കയ്യടക്കി. എന്നാൽ വമ്പൻ പരസ്യങ്ങളുടെ അകമ്പടിയോടെ ഡിഷ് വാഷ് ലോഷനുകളും, ജെല്ലുകളും അടുക്കള കയ്യേറിയിരിക്കുകയാണിപ്പോൾ. ഒരു തുള്ളിയുപയോഗിച്ചാൽ ലഭിക്കുന്ന പതയിൽ പാത്രങ്ങൾ വൃത്തിയായി എന്ന് സന്തോഷിക്കുന്ന വീട്ടമ്മമാർ ഈ കെമിക്കലുകൾ കൈകൾക്ക് എത്രത്തോളം ഹാനീകരമാണെന്നത് ഓർക്കാറില്ല. ധാരാളം രാസവസ്തുക്കൾ ഇവയിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് കാരണം. പരിസ്ഥിതി സൗഹൃദമായ ഡിഷ് വാഷ് ലിക്വിഡ് വീട്ടിൽ തന്നെയുണ്ടാക്കാനാവും. അതെങ്ങനെയെന്ന് അറിയാം.
പ്രകൃതിദത്തമായ ഒരു പാത്രം കഴുകുന്ന ദ്രാവകം ഉണ്ടാക്കുന്നതിനായി വേണ്ടത് ഈ സാധനങ്ങളാണ്. ഒരു കപ്പ് കപ്പ് സോപ്പിൻ കായ, രണ്ട് കപ്പ് വെള്ളം, കാൽ കപ്പ് കല്ലുപ്പ്, ആറോ ഏഴോ ചെറുനാരങ്ങ, നാല് ടീസ്പൂൺ വൈറ്റ് വിനാഗിരി എന്നിവയാണ് വേണ്ടത്. ഇനി എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.
സോപ്പിൻകായ എട്ട് മണിക്കൂർ വെള്ളത്തിൽ നന്നായി കുതിർക്കുക. ഇതിൽ ചെറുനാരങ്ങ കഷണങ്ങൾ ചേർത്ത് നന്നായി തിളപ്പിക്കുക. കുക്കറിലിട്ട് രണ്ട് വിസിൽ കേൾക്കുന്നത് വരെ തിളപ്പിച്ചാലും മതിയാകും. തുടർന്ന് മിശ്രിതം തണുക്കാൻ അനുവദിക്കുക. നന്നായി തണുക്കുമ്പോൾ സോപ്പിൻകായയുടെ തൊലി കളഞ്ഞ ശേഷം മിശ്രിതത്തെ നന്നായി അരയ്ക്കുക. പേസ്റ്റ് രൂപത്തിലാക്കിയെടുക്കണം. ഇതിൽ അര കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഒടുവിൽ ലഭിക്കുന്ന മിശ്രിതത്തിൽ അരക്കപ്പ് വിനാഗിരിയോടൊപ്പം ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. അഞ്ച് മിനിട്ടോളം വീണ്ടും ചൂടാക്കിയ ശേഷം തണുപ്പിക്കുക. ശേഷം ഒരു കുപ്പിയിൽ സൂക്ഷിക്കാവുന്നതാണ്. കൈകൾക്ക് സുരക്ഷിതമായ ഡിഷ് വാഷ് ലിക്വിഡ് റെഡി.