taj-mahal-

ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും പ്രണയിക്കുന്നവർ ഒരിക്കലെങ്കിലും കാണാൻ കൊതിക്കുന്ന ഇടമാണ് താജ്മഹൽ. ലോകാത്ഭുത പട്ടികയിൽ ഇടം പിടിച്ച താജ്മഹലിൽ മിക്കവരും പകലാവും സന്ദർശകരായി എത്തിയിട്ടുള്ളത്. എന്നാൽ രാത്രിയിലെ കാഴ്ചയാണ് അതിമനോഹരം. വെള്ള മാർബിൾ കല്ലുകളിൽ ചന്ദ്രരശ്മികൾ പതിക്കുമ്പോഴുള്ള കാഴ്ച ഒരിക്കലും മറക്കാനാവാത്തതാണ്. എന്നാൽ താജ്മഹലിൽ രാത്രി കാഴ്ചയ്ക്ക് ഏറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം അറിഞ്ഞു മാത്രമേ രാത്രിയിൽ താജ്മഹൽ കാണാനായി പുറപ്പെടാവൂ.

മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് താജ്മഹലിൽ രാത്രി ദർശനം അനുവദിച്ചിട്ടുള്ളു. പൂർണചന്ദ്രൻ പ്രകാശം ചൊരിയുന്ന ആ അഞ്ച് ദിവസങ്ങളിലാണ് താജ്മഹൽ രാത്രി കാഴ്ചക്കാർക്കായി വാതായനങ്ങൾ തുറന്നിടൂ. അതും കേവലം നാനൂറ് പേർക്ക് മാത്രമാണ് ഈ കാഴ്ച കാണാനാവുക. ഇതിനായി ഒരു ദിവസം മുൻപേ ടിക്കറ്റ് കൗണ്ടറിൽ ടിക്കറ്റ് വാങ്ങണം.

താജ്മഹൽ ഇത്തവണ 'ശാരദ് പൂർണിമ' സമയത്ത് നാല് രാത്രികളിൽ രാത്രി ദർശനത്തിനായി തുറന്നിരിക്കും. വെള്ളിയാഴ്ച താജ്മഹൽ അടച്ചിരിക്കുന്നതിനാൽ, ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നാല് ദിവസത്തേക്ക് വിനോദസഞ്ചാരികളെ രാത്രി കാണാൻ അനുവദിക്കുമെന്ന് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ്കുമാർ പട്ടേൽ പറഞ്ഞു.

പൂർണ ചന്ദ്രൻ പൂനിലാവ് പൊഴിക്കുന്ന വേളയിൽ ചന്ദ്രപ്രകാശം വ്യത്യസ്ത കോണുകളിൽ പതിക്കുന്നതിനാൽ 'ചാംകി' എന്ന പ്രതിഭാസം ഇവിടെ കാണാനാവും. ഈ സമയത്ത് തിളങ്ങുന്ന മാർബിൾ സ്മാരകം സന്ദർശിക്കാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ എത്തും. റംസാൻ മാസമൊഴിച്ച് എല്ലാ മാസവും അഞ്ച് ദിവസം താജ്മഹൽ രാത്രി സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. എന്നാൽ രാത്രി 8.30 മുതൽ 12.30 വരെ എട്ട് സ്ലോട്ടുകളായി തിരിച്ച് 400 ഭാഗ്യവാൻമാർക്ക് മാത്രമേ രാത്രിയിൽ ഈ കാഴ്ച കാണാൻ കഴിയുകയുള്ളു.