snake-

നമ്മുടെ കുട്ടിക്കാലത്ത് ലഭിച്ചിരുന്ന ഫീച്ചർ ഫോണായ നോക്കിയയിൽ സമയം കൊല്ലാനായി കളിച്ചിരുന്ന സ്‌നേക്ക് ഗെയിം ഓർമ്മയില്ലേ, ഈ ഗെയിമിലെ പാമ്പിനെ പോലെ സഞ്ചരിക്കുകയാണ് ഇവിടെയൊരു അതിഥി. അരിസോണയിലെ കൊറോനാഡോ നാഷണൽ മെമ്മോറിയലിൽ നിന്നും പകർത്തി ഈ പാമ്പിന്റെ യാത്രയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ശരീരത്തിൽ ആകർഷകമായ വളയങ്ങളുള്ള സോനോറൻ മൗണ്ടൻ കിംഗ് സ്‌നേക്കാണ് ചുടുകട്ടകൾ കെട്ടിയ ഭിത്തിയിലൂടെ സഞ്ചരിക്കുന്നത്. നാഷണൽ പാർക്ക് സർവീസ് സ്റ്റാഫാണ് ഫെയ്സ്ബുക്കിൽ ഈ വീഡിയോ പങ്കുവച്ചത്.

ശരീരത്തിൽ ചുവപ്പ്, കറുപ്പ്, വെള്ള ക്രോസ്ബാൻഡുകളുള്ള ഇടത്തരം വലിപ്പമുള്ള പാമ്പുകളാണ് സോനോറൻ മൗണ്ടൻ കിംഗ് സ്നേക്കുകൾ. ഇവ ജീവിതകാലത്തിൽ ഭൂരിഭാഗവും പാറകൾക്കടിയിലോ,​ പാറയുടെ വിള്ളലുകളിലോ മറഞ്ഞിരിക്കുന്നു. അരിസോണയുടെ മദ്ധ്യ, തെക്കുകിഴക്കൻ പർവത പ്രദേശങ്ങളിലാണ് ഈ പാമ്പുകൾ സാധാരണയായി കാണപ്പെടുന്നത്. പാമ്പിന്റെ വീഡിയോ വൈറലായെങ്കിലും ഏറെ പേരും ഇതിനെ പഴയ നോക്കിയ ഫോണിലെ ഗെയിമിനോടാണ് ഉപമിച്ചത്.