
കൊച്ചി: പൊതുജനങ്ങൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിക്കുന്ന 'ഒന്നിച്ചിരിക്കാം, ഊഞ്ഞാലാടാം" ഒരുമയുടെ മെഗാ സംഗമം 9ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം മറൈൻഡ്രൈവിൽ നടക്കും. പഴമയുടെ നല്ലോർമകൾ വീണ്ടെടുത്ത് സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഒരുക്കുന്നത്. പ്രമുഖ വ്യക്തികളും ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിക്കും.
പരമ്പരാഗത രീതിയിൽ പ്രകൃതിദത്തമായി സജ്ജീകരിച്ച 101 ഊഞ്ഞാലുകളാണ് സംഗമത്തിന്റെ ആകർഷണം. ചെണ്ടമേളവുമുണ്ടാകും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. സംഗമത്തിൽ സംഗീതമേളയും ഫോട്ടോ ബൂത്ത്, വിർച്വൽ റിയാലിറ്റി എക്‌സ്‌പീരിയൻസ് കിയോസ്‌ക് എന്നിവയും ഉണ്ടാകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡ്ഡുമായ തോമസ് ജോസഫ് പറഞ്ഞു.