സ്ത്രീകൾക്ക് സംസാരിച്ചിരിക്കാനും ചർച്ചകൾ നടത്താനും പുസ്തകം പ്രസിദ്ധീകരിക്കാനുമൊക്കെ ഒരു ഇടം.വിനിമയ വിമെൻ ഓഫ് ലെറ്റേഴ്സ് എന്ന തിരുവനന്തപുരത്തെ
സ്തീ കൂട്ടായ്മയെക്കുറിച്ച്

വിനിമയെ വിമെൻ ഒഫ് ലെറ്റേഴ്സ് എന്ന ആശയം തിരുവനന്തപുരത്തെ സ്ത്രീകൂട്ടായ്മയിലെ വായനക്കാരുടെയും എഴുത്തുകാരുടെയും ആവശ്യമെന്ന നിലക്കാണ് രൂപപ്പെട്ടത്. ഇറാനിയൻ എഴുത്തുകാരി അസ്സർ നഫീസയുടെ റീഡിംഗ് ലോലിത ഇൻ ടെഹ്റാൻ (2003) എന്ന രചനയും പ്രചോദനമായി. ലോകക്ലാസ്സിക്കുകൾ വായിക്കുവാനും ചർച്ചചെയ്യാനുമുള്ള കൂട്ടായ്മയായി തുടങ്ങിയ ഒത്തുചേരൽ 'വിനിമയവിമൻസ് ഒഫ് ലെറ്റേഴ്സ് " എന്ന പേരിൽ വായനരചനാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനപ്പുറം, ആണധികാരം കൊടികുത്തി വാഴുന്ന സാഹചര്യത്തിൽ വിവേചനങ്ങൾ ഇല്ലാതെ സ്ത്രീകൾക്ക് സഹകരിക്കാവുന്ന അക്ഷരത്തിന്റെ ആവിഷ്കാരവേദിയായി മാറിയിരിക്കുന്നു. സെന്റ് സേവിയേഴ്സ് കോളേജിലെ മലയാളം വിഭാഗം അദ്ധ്യക്ഷയായിരുന്ന ഡോ ഐറിസ് കൊയ്ലിയോയും കവി മീര രാജലക്ഷ്മിയും നേതൃത്വം നൽകുന്ന, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും ഔദ്യോഗിക കർമ്മങ്ങളിൽ നിന്ന് വിരമിച്ചവരും കുടുംബിനികളുമായ ഒരുസംഘം സ്ത്രീകളാണ് വിനിമയ അംഗങ്ങൾ.
ഒരുമിച്ചിരുന്നു പുസ്തകങ്ങൾ വായിക്കുക, ആസ്വദിക്കുക, നല്ല സിനിമകൾ കാണുക അവയെ പറ്റി ചർച്ച ചെയ്യുക, സ്ത്രീകളായ എഴുത്തുകാരെയും സിനിമ പ്രവർത്തകരെയും, വ്യത്യസ്ത മേഖലകളിൽ കരുത്തുതെളിയിച്ച സ്ത്രീകളെയും ആ ഒത്തുചേരലുകളിൽ പങ്കാളികളാക്കുക, ഓർമ്മകൾ, യാത്രകൾ, അനുഭവം പങ്കുവയ്ക്കൽ, പരസ്പരം കഴിവുകൾ തിരിച്ചറിയൽ, അനുമോദിക്കൽ, മുതിർന്ന സാഹിത്യകാരികളെ സന്ദർശിക്കൽ, പരിസ്ഥിതി, സ്ത്രീമുന്നേറ്റങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവാർഡ് വിതരണം, ലോകസാഹിത്യ സാംസ്കാരിക ചലനങ്ങളുടെ ചർച്ചകൾ  വിനിമയ കഴിഞ്ഞ നാലു വർഷമായി സ്പർശിച്ച മേഖലകളിൽ ചിലത് മാത്രം. കൊവിഡ് ആളുകളെ വീട്ടകങ്ങളിൽ തളച്ചിട്ടപ്പോഴും വിനിമയഅംഗങ്ങൾ ഓൺലൈനായി ഒത്തുകൂടുകയും പരസ്പരം താങ്ങും തണലുമാകുകയും ചെയ്തു .
ഇന്ന് സ്വന്തമായി ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതിൽ വിനിമയ എത്തിനിൽക്കുന്നു. സ്ത്രീകൾക്ക് കവിത എഴുതാനും അതിന് അച്ചടിമഷി പുരണ്ട്കാണാനും അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയതിൽ നിന്നാണ് വിനിമയ ഇങ്ങനെയൊരു ഉദ്യമത്തിന് മുതിർന്നത്.
'എതിരൊലി"എന്നാണ് വിനിമയ വിമെൻ ഒഫ് ലെറ്റേഴ്സ് പുറത്തിറക്കിയ ആന്തോളജിയുടെ പേര്. നാൽപത്തിരണ്ട് അംഗങ്ങളുള്ള വിനിമയയിലെ മുപ്പത്തിരണ്ട് കവികളും, സ്വന്തം രചനകളും, ലോകപെൺകവികളുടെ പ്രസിദ്ധ കവിതകളുടെ മൊഴിമാറ്റങ്ങളുമായി, എൺപത്തിനാല് കവിതകൾ എതിരൊലിയിലൂടെ അക്ഷരലോകത്ത് എത്തിയിരിക്കുന്നു. എതിരൊലി, മാറ്റൊലിയും എതിർപ്പുകളുടെ എഴുത്തുമായി വായിക്കാം. പ്രശസ്ത കവി ഡോണ മയൂരയുടെ ദൃശ്യകവിതയാണ് കവർ പേജ്. ഐഷ ശശിധരൻ വരച്ച സെന്റാഗിൾ (Zentangle)ചിത്രങ്ങൾ Musings എന്നും Echoes എന്നും പുസ്തകത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു. Musings എന്ന സ്വന്തം കവിതകളുടെ വിഭാഗത്തിൽ നാല്പത്തിഒൻപത് കവിതകളാണുള്ളത്. ഈ രചനകൾ ഏറ്റവും മികച്ചവ ആണെന്ന് അവകാശവാദമില്ലെങ്കിലും സ്ത്രീകൾ എഴുത്തിലേക്ക് വന്നെത്തുന്നു എന്നറിയിക്കുകയാണ് ഇവ. എഴുത്തിലൂടെ വിപ്ലവം തീർത്ത പൂർവ്വകവികൾ, പതിനാറാം നൂറ്റാണ്ടിലെ കാശ്മീരികവി ഹബ്ബ ഖാട്ടൂൺ മുതൽ ഇന്നും എഴുത്തുതുടരുന്ന സമകാലികർ വരെയുള്ള ലോകപെൺകവികളുടെ മുപ്പത്തിഅഞ്ചോളം കവിതകളുടെ വിവർത്തനമാണ് Echoes.
'എതിരൊലി" എന്ന കൃതി പബ്ലിഷ് ചെയ്തിരിക്കുന്നതും വിനിമയ തന്നെയാണ്. ഐറിസ് കൊയ്ലിയോ, മീര രാജലക്ഷ്മി, ബിന്ദു വെൽസാർ, ബീന .എസ് .കുമാരി, മിനി എസ് കെ, അജി ദേവയാനി, ഷീല രാഘവൻ എന്നിവർ അടങ്ങിയ വിനിമയ ആന്തോളജി എഡിറ്റേഴ്സ് ഡെസ്ക്കാണ് 'എതിരൊലി" യുടെ പിന്നിൽ പ്രവർത്തിച്ചത്. തെലുങ്കാനയിൽ നിന്നുള്ള ദളിത് കവിയും ആക്ടിവിസ്റ്റും പ്രാസംഗികയുമായ അരുണ ഗോകുൽമണ്ഡയാണ് 'അക്ഷരങ്ങളെ സ്നേഹിക്കുന്ന ഓരോ സ്ത്രീക്കും" സമർപ്പിച്ചിരിക്കുന്ന എതിരൊലി വിനിമയയുടെ നാലാം പിറന്നാളായ ജൂലായ് ഒന്നിന് പ്രകാശനം ചെയ്തത്. ആമസോൺ വഴി എതിരൊലിയുടെ വിതരണത്തിലേക്ക് നീങ്ങുകയാണ് വിനിമയ.