sajan-prakash
sajan prakash

അഹമ്മദാബാദ് :36-ാമത് ദേശീയ ഗെയിംസ് നീന്തലിൽ തന്റെ മൂന്നാം സ്വർണവുമായി മിന്നിത്തിളങ്ങി കേരളത്തിന്റെ സജൻ പ്രകാശ്. ഇന്നലെ 50 മീറ്റർ ബ്രസ്റ്റ്സ്‌ട്രോക്കിൽ സ്വർണം നേടിയ സജൻ 800 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും കരസ്ഥമാക്കി. ഇ‌ൗ ഗെയിംസിലെ സാജന്റെ മൂന്നാം സ്വർണവും ആറാം മെഡലുമായിരുന്നു ഇത്.

25.10 സെക്കൻഡിലായിരുന്നു ബ്രെസ്റ്റ് സ്ട്രോക്കിൽ സജന്റെ ഫിനിഷ്. തമിഴ്‌നാടിന്റെ രോഹിത് ബെനിട്ടണാണ് വെള്ളി. ഹരിയാനയുടെ സരോഹ ഹാർഷ് വെങ്കലം കരസ്ഥമാക്കി. 800 മീറ്റർ ഫ്രീസ്റ്റൈലിൽ 8മിനിട്ട് 12.55 സെക്കൻഡിലാണ് സജൻ ഫിനിഷ് ചെയ്തത്. മധ്യപ്രദേശിന്റെ അദ്വൈത് പാഗേയ്ക്കാണ് സ്വർണം. ഗുജറാത്തിന്റെ ആര്യൻ നെഹ്‌റ വെള്ളി നേടി.

നേരത്തെ 200 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിലും 100 മീറ്റർ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും സജൻ സ്വർണം നേടിയിരുന്നു. 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയിലും 200 മീറ്റർ ഫ്രീസ്റ്റൈലിലും വെള്ളി സ്വന്തമാക്കി.

ഇന്നലെ ബാഡ്മിന്റൺ പുരുഷ ഡബിൾസിലും കേരളത്തിന് സ്വർണം ലഭിച്ചു. പി.എസ് രവിശങ്കർ,ശങ്കർ പ്രസാദ് ഉദയകുമാർ എന്നിവരാണ് കേരളത്തിനായി ഡബിൾസ് ഫൈനലിന് ഇറങ്ങിയത്. തമിഴ്നാടായിരുന്നു ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. രണ്ട് ഗെയിം നീണ്ട കലാശക്കളിയിൽ 21-19,21-19 എന്ന സ്കോറിനായിരുന്നു കേരള ടീമിന്റെ വിജയം.

വനിതകളുടെ ബാസ്കറ്റ് ബാൾ ഫൈവ് ഓൺ ഫൈവിൽ കേരളം വെങ്കലം നേടി. ലൂസേഴ്സ് ഫൈനലിൽ മദ്ധ്യപ്രദേശിനെ തോൽപ്പിച്ചാണ് കേരള വനിതകൾ വെങ്കലത്തിൽ മുത്തമിട്ടത്. 75-62 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ വിജയം. 23 പോയിന്റ് വീതം നേടി ജീന പി.എസും അനീഷ ക്ളീറ്റസും കേരളത്തിന്റെ ടോപ് സ്കോറർമാരായി. കഴിഞ്ഞ ദേശീയ ഗെയിംസിൽ ബാസ്കറ്റ് ബാളിലെ സ്വർണം കേരളത്തിനായിരുന്നു.

ഫുട്‌ബാളിൽ കേരളം മൂന്നാം ജയം സ്വന്തമാക്കി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ മണിപ്പൂരിനെ രണ്ടിനെതിരേ മൂന്ന് ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരളം നേരത്തെ തന്നെ സെമി ഉറപ്പാക്കിയിരുന്നു.