
സ്‌റ്റോക്‌ഹോം: ഫ്രഞ്ച് എഴുത്തുകാരി ആനി എർനുവിന് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം. ആത്മകഥാംശമുള്ള ഓർമ്മകളുടെ ധീരമായ ആവിഷ്കാരമാണ് എർനുവിന്റെ കൃതികളെന്ന് നോബൽ കമ്മിറ്റി വിലയിരുത്തി. സാഹിത്യ അദ്ധ്യാപികയായ ആനി എർനുവിന്റെ കൃതികൾ ഭൂരിപക്ഷവും ആത്മകഥാംശമുള്ളതാണ്. നോർമൻഡിക്കടുത്ത ഗ്രാമത്തിൽ ജനിച്ച ആനി ഗ്രാമീണ പശ്ചാത്തലമാണ് എഴുത്തിൽ ഏറെയും കൊണ്ടുവന്നത്. 1974ൽ പ്രസിദ്ധിീകരിച്ച ക്ലീൻഡ് ഔട്ട് ആണ് ആദ്യകൃതി. എ മാൻസ് പ്ലേസ്, എ വിമൻസ് സ്റ്റോറി, ഷെയിം, ഹാപ്പനിംഗ്, പൊസഷൻ, ദി ഇയേഴ്‌സ്, എ ഗേൾസ് സ്റ്റോറി തുടങ്ങിയ കൃതികൾ ശ്രദ്ധേയമാണ്. നിരവധി കൃതികൾ ഇംഗ്ലിീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്,
ടാൻസാനിയൻ വംശജനായ അബ്ദുൾ റസാക്കിനാണ് കഴിഞ്ഞ തവണ നോബൽ പുരസ്കാരം ലഭിച്ചത്. 2020ൽ അമേരിക്കൻ കവി ലൂയിസ് ഗ്ലക്കായിരുന്നു പുരസ്കാരത്തിന് അർഹനായത്.
ഇന്നലെ പ്രഖ്യാപിച്ച രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ക്ലിക് കെമിസ്ട്രിയിലെയും ബയോഓർത്തോഗണൽ കെമിസ്ട്രിയിലെയും ഗവേഷണങ്ങൾക്ക് കരോളിൻ ആർ. ബെർറ്റോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്ലെസ് എന്നിവർക്കാണ് ലഭിച്ചത്.   അമേരിക്കൻ രസന്ത്രജ്ഞനും കാലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ചിലെ ഗവേഷകനുമായ ബാരി ഷാർപ്ലെസിന് രണ്ടാം തവണയാണ് നോബൽ പുരസ്കാരം ലഭിക്കുന്നത്. രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും ഒരു പോലെ സംഭാവനകൾ നൽകിയ അമേരിക്കൻ രസതന്ത്രജ്ഞയാണ് കരോളിൻ ആർ. ബെർറ്റോസി.ഡെൻമാർക്ക് സ്വദേശിയായ മോർട്ടൻ മെൽഡൽ യൂണിവേഴ്സിറ്റി ഒഫ് കോപ്പൻഹേഗനിലെ കെമിസ്ട്രി പ്രൊഫസറാണ്. ക്ലിക് കെമിസ്ട്രിയിലെ നിരവധി ഗവേഷണങ്ങളിലൂടെയാണ് മെൽഡൽ പ്രശസ്തനായത്.