തമ്പിലെ പ്രിയപ്പെട്ടവൻ കൂടൊഴിഞ്ഞിട്ട് ഒക്ടോബർ 11ന് ഒരാണ്ട് എത്തുമ്പോൾ ജീവിത പാതി സുശീലയുടെ ഒാർമ്മക്കുറിപ്പ്

വേണു ചേട്ടൻ എന്ന് ഒരിക്കൽ പോലും വിളിച്ചില്ല. ശശി ചേട്ടൻ എന്ന് വിളിച്ചു .വീട്ടിലെ വിളി പേരാണ് ശശി. നാട്ടുകാരും ശശി എന്നു വിളിച്ചു. നെടുമുടിയിലെ ഓരോ നാട്ടുകാരനെയും എന്നും പേരെടുത്തു വിളിച്ച ശശി ചേട്ടനെ ഞാൻ അഞ്ചാം ക്ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. ഞങ്ങൾ രണ്ടുപേരും കുട്ടനാട്ടുകാർ. അടുത്ത ബന്ധുക്കളും. കാവാലത്തിന്റെ പാട്ടും കുട്ടനാടിന്റെ തുഴതാളവും നാട്ടിൻപുറത്തിന്റെ നൈർമല്യവും നിറഞ്ഞ ശശി ചേട്ടൻ പ്രേക്ഷകർക്ക് നെടുമുടി വേണുവും പുതുതലമുറയ്ക്ക് വേണു ചേട്ടനുമായി.
വീടിന്റെ തൂണിലും അടുക്കളയിലെ പാത്രങ്ങളിലും താളം പിടിക്കുന്ന ശശി ചേട്ടനെ ഞാൻ കണ്ടിട്ടുണ്ട്.പിന്നെ അധികസമയവും റേഡിയോയിൽ പാട്ട് കേൾക്കുകയും ആ പാട്ട് പാടി കൊണ്ട് നടക്കുകയും ചെയ്യും.കുറച്ചുസമയം മാത്രം പഠിക്കുന്നതാണ് സ്വഭാവം. ഞാനാണെങ്കിൽ പഠിക്കാൻ കൂടുതൽ താത്പര്യള്ള ആളും.
ആലപ്പുഴ എസ്. ഡി കോളേജിലെ പഠനശേഷമുള്ള ശശി ചേട്ടന്റെ കാലം എനിക്ക് അത്ര പരിചയമല്ല. കുട്ടിക്കാലത്ത് കുടുംബക്ഷേത്രത്തിലേക്ക് കൈയും പിടിച്ചു എന്നെ കൂട്ടി കൊണ്ടു പോയതാണ് ഒാർമയിൽ തെളിയുന്ന ആദ്യ ചിത്രം.നാളെ ശശി ചേട്ടനൊപ്പം ഒന്നിച്ചു ജീവിക്കുമെന്ന് മനസിൽ പോലും അന്ന്കരുതിയില്ല. എനിക്ക് ടൈഫോയ് ഡ് പിടിപെട്ട സമയത്ത് വീട്ടിൽ വന്നു. ഞാൻ ഭക്ഷണം ഒന്നും കഴിക്കുന്നില്ലെന്ന് അമ്മ പരാതി പറഞ്ഞു. ഒരു പാത്രത്തിൽ കഞ്ഞി കോരി തരുന്നതിനിടെ ഇഷ്ടമാണെന്നും വിവാഹത്തിന് താത്പര്യമുണ്ടെങ്കിൽ അച്ഛനോട് അനുവാദം ചോദിക്കാമെന്നും ശശിയേട്ടൻ പറഞ്ഞു.അവിടെനിന്നായിരുന്നു നാല്പതു വർഷം നീണ്ട ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കം.
കൊവിഡ് കാലത്തെ ഒന്നിക്കൽ
സിനിമയിലെ തിരക്ക് കാരണം എനിക്കും മക്കൾക്കും ഒപ്പം ജീവിതത്തിൽ കുറച്ചുദിവസങ്ങൾ മാത്രം ചെലവഴിക്കാനേ കഴിഞ്ഞിട്ടുള്ളൂ.എന്നാൽ കൊവിഡ് കാലത്തിന്റെ രണ്ടു മൂന്നു വർഷം ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം, മരണനിരക്ക് , പ്രിയപ്പെട്ടവരുടെ വേർപാട് എല്ലാം വിഷമിപ്പിച്ചു. അദ്ദേഹത്തിന്റെ മൗനത്തിലൂടെ എനിക്ക് അത് കാണാമായിരുന്നു. സിനിമയുടെ ചിത്രീകരണം നിലച്ചതോടെ ഉത്സാഹവും ഊർജ്ജവും പോയി. വായനയോട് താത്പര്യമില്ലാതെ വന്നു. എഴുതാൻ പ്രേരിപ്പിച്ചാൽ മാനസികമായി തയ്യാറെടുപ്പില്ലാതെ അതിന് കഴിയില്ലെന്നായിരുന്നു മറുപടി.ശശി ചേട്ടൻ പോയി ഒന്നര മാസത്തോളം വല്ലാത്ത മരവിപ്പ് അനുഭവപ്പെട്ടു .വീട്ടിലേക്ക് ആളുകളുടെ വരവായിരുന്നു. കണ്ണീർ വരാതെ പിടിച്ചു നിന്നു, നാല്പത്തിയൊന്നിന്റെ ചടങ്ങുകൾ കഴിഞ്ഞപ്പോഴാണ് ആളുകളുടെ വരവ് കുറഞ്ഞത്. എന്റെ മനസ് അയഞ്ഞു. നഷ്ടത്തിന്റെ ആഴം എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞു. ഒരിക്കലും നികത്താൻ കഴിയില്ലെന്നും.മുമ്പ് അതിഥികൾ വന്നാൽ പുറത്തേക്ക് വരാത്ത ആളായിരുന്നു ഞാൻ. ആളുകളോട് ഇടപെടാൻ മടികാണിച്ച എന്റെ ശീലം ശശി ചേട്ടൻ പോയികഴിഞ്ഞ ശേഷം മാറി. ഒരിക്കൽ പോലും ശശി ചേട്ടൻ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. മക്കളെ ശകാരിച്ചിട്ടില്ല.
രോഗം മൂർച്ഛിച്ചപ്പോഴും സഹനം ഉപേക്ഷിച്ചില്ല. ഒന്നിനോടും നിർബന്ധം കാണിച്ചില്ല. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുമ്പോഴും തമാശ പറഞ്ഞും നഴ്സുമാർക്ക് പാട്ടുപാടി കേൾപ്പിച്ചും സമയം സന്തോഷകരമാക്കി മാറ്റി.
മരണത്തെ ഭയക്കാതെ
രോഗത്തിന്റെ ബുദ്ധിമുട്ട് ശശി ചേട്ടന് അറിയാമായിരുന്നു. അവസാനമായി ആശുപത്രിയിൽ പോകുന്നതിന് മുമ്പ് ചെറുപ്പകാലത്ത് എഴുതിയ കവിത ഓർമ്മയിൽ നിന്ന് ചൊല്ലി കേൾപ്പിച്ചു. കവിത എഴുതിയത് എന്താണ് ഇതുവരെ പറയാതിരുന്നതെന്ന് ചോദിച്ചപ്പോൾ നിനക്ക് എന്നെപ്പറ്റി എന്ത് അറിയാമെന്ന്ചോദിച്ച് തമാശ പറഞ്ഞു. മരണത്തെ ഭയക്കാത്ത ആളാണ് ശശി ചേട്ടൻ.ഞാനാണെങ്കിൽ നേരെ തിരിച്ചും. ഒപ്പം ജീവിച്ച ശേഷം ജനന- മരണ കാഴ്ചപ്പാട് മാറി. ശശി ചേട്ടന്റെ ശൂന്യത വല്ലാതെ അനുഭവപ്പെടുന്നു. എന്നാൽ ആ സാന്നിദ്ധ്യം തമ്പിൽ തന്നെയുണ്ട്. സമയമില്ല എന്നു മുൻപ് പരിഭവം പറഞ്ഞ ആളാണ് ഞാൻ. ഇപ്പോൾ സമയം കൂടി. പ്രകൃതിയുമായും ചുറ്റുപാടുകളുമായും ഇടപഴകാൻ സമയം ലഭിക്കുന്നു. എന്റെ ജീവിതം എനിക്കിഷ്ടമുള്ള രീതിയിൽ കൊണ്ടുപോകാൻ ശശി ചേട്ടൻ അനുവദിച്ചു. അതിന് മാറ്റം വരുത്താൻ ഒരിക്കലും നിർബന്ധിച്ചില്ല. കുടുംബത്തെയും പ്രകൃതിയെയും ഒരുമിച്ചുകൊണ്ടുപോവണമെന്നായിരുന്നു ഉപദേശം.പാട്ട് കേട്ടും തമാശ പറഞ്ഞും ആഘോഷമായി തമ്പിനെ ശശി ചേട്ടൻ മുന്നോട്ട് കൊണ്ടു പോയി. നെടുമുടി വേണു എന്ന മഹാനായ കലാകാരനെ അങ്ങേയറ്റം ബഹുമാനിക്കുന്നു. എനിക്ക് പ്രിയം നന്മ നിറഞ്ഞ ആ കുട്ടനാട്ടുകാരനെയും നർമം വിതറുന്ന ആ വ്യക്തിത്വവുമാണ്.
ഇത്രയധികം മലയാളികളുടെ മനസിൽ, സ്നേഹിച്ചവരുടെ മനസിൽ, ബന്ധുക്കളുടെ മനസിൽ, കൊച്ചുമക്കളുടെ മനസിൽ ഒരുപാട് സ്നേഹം നിറച്ച് കടന്നുപോകാൻ സാധിച്ച ശശി ചേട്ടൻ വലിയൊരു ഭാഗ്യവാനാണ്. ആ ഭാഗ്യം സ്നേഹമായി ആളുകൾ തിരികെ നൽകുന്നു. അതാണ് ഏറ്റവും വലിയ ഭാഗ്യം. എല്ലാം തന്നശേഷമാണ് പോയത്. അതിലൂടെ ഞങ്ങൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.
(മനോജ് വിജയരാജിനോട് പറഞ്ഞത്)