
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൗണ്ടനീറിംഗിലെ വിദ്യാർത്ഥികളായ 12 പേരുടെ മൃതദേഹം കൂടി ഇന്നലെ കണ്ടെത്തി. 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പർവതാരോഹണം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചൊവ്വാഴ്ചയുണ്ടായ ഹിമപാതത്തിലാണ് 41 അംഗ സംഘം കുടുങ്ങിയത്. അപകടത്തിൽപ്പെട്ട പ്രമുഖ പർവ്വതാരോഹക സവിത കൻസ്വാൾ (26) ഉൾപ്പെടെ പത്ത് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബംഗാൾ, ഡൽഹി, തെലങ്കാന, തമിഴ്നാട്, കർണാടക, അസാം, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, യു.പി, ഉത്തരാഖണ്ഡ് സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നത്.
സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആർ.എഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി), എൻ.ഐ.എമ്മിലെ പർവതാരോഹകർ എന്നിവരുടെ സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്.