സ്റ്റോക്ഹോം : ആത്മകഥാംശമുള്ള രചനകളിലൂടെ ജീവിത സത്യങ്ങൾ അനാവരണം ചെയ്‌ത പ്രശസ്‌ത ഫ്രഞ്ച് എഴുത്തുകാരി അനി എർണോ ( 82 ) സാഹിത്യത്തിനുള്ള ഇക്കൊല്ലത്തെ നോബൽ സമ്മാനത്തിന് അർഹയായി. മെഡലും ഏഴ് കോടി രൂപയുമാണ് അവാർഡ്. ആൽഫ്രഡ് നോബലിന്റെ ചരമ വാർഷികമായ ഡിസംബർ 10ന് സ്റ്റോക് ഹോമിൽ സ്വീഡനിലെ കാൾ ഗുസ്താവ് പതിനാറാമൻ രാജാവ് പുരസ്‌കാരം സമ്മാനിക്കും.
വർഗപരമായും ലിംഗപരമായും താൻ കടന്നുപോയ അനുഭവങ്ങളെ ലളിതമായി ആവിഷ്‌കരിച്ച എഴുത്തുകാരിയാണ് എർണോ. വ്യക്തിഗത സ്‌മരണകളുടെ വേരുകളും ഏകാന്തതയും വിലക്കുകളും തീവ്രമായും ധീരമായും അനാവരണം ചെയ്‌ത എഴുത്തുകാരി എന്നാണ് നോബൽ കമ്മിറ്റി വിശേഷിപ്പിച്ചത്.
സാഹിത്യത്തിന് നോബൽ സമ്മാനം നേടുന്ന പതിനേഴാമത്തെ വനിതയാണ് അനി എർണോ.
നോർമാൻഡിയിൽ തൊഴിലാളികളായ മാതാപിതാക്കളുടെ മകളായി 1940ലാണ് അനി എർണോയുടെ ജനനം. റൂവൻ സർവകലാശാലയിൽ നിന്ന് ആധുനിക സാഹിത്യത്തിൽ ബിരുദം. പിന്നെ ഒരു സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയായി. 1977 മുതൽ 2000 വരെ ഫ്രാൻസിലെ നാഷണൽ സെന്റർ ഫോർ ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ പ്രൊഫസറായിരുന്നു.
1974ൽ ലേ ആർമറീസ് വിദെ (ക്ലീൻഡ് ഔട്ട് ) എന്ന നോവലുമായാണ് എർണോയുടെ അരങ്ങേറ്റം. നാലാമത്തെ പുസ്തകമായ ലാ പ്ലെയ്സ് (എ മാൻസ് പ്ലെയ്സ് ) ആണ് വഴിത്തിരിവായത്. അതും 1988ൽ പ്രസിദ്ധീകരിച്ച എ വുമൺസ് സ്റ്റോറിയും ഫ്രഞ്ച് ക്ലാസിക്കുകളാണ്.
2008ൽ പ്രസിദ്ധീകരിച്ച ദ ഇയേഴ്സ് എന്ന ആത്മകഥയും പ്രശസ്തമായി. ആ കൃതി 2009ൽ മാൻ ബുക്കർ പ്രൈസിന്റെ ഷോർട്ട് ലിസ്റ്റിൽ വന്നിരുന്നു. എ വുമൺസ് സ്റ്റോറി, എ മാൻസ് പ്ലെയ്‌സ്, സിമ്പിൾ പാഷൻ എന്നിവയാണ് ആത്മകഥാംശമുള്ള മറ്റ് പ്രശസ്‌ത കൃതികൾ. തീവ്രമായ ഓർമ്മക്കുറിപ്പുകളാണ് എർണോയുടെ രചനകൾ. ഭാഷയുടെയും വർഗ്ഗത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള കടുത്ത വിവേചനങ്ങൾ അനുഭവിച്ചറിഞ്ഞ ജീവിതത്തിന്റെ ചിത്രങ്ങൾ. റഷ്യൻ നയതന്ത്രജ്ഞനുമായുള്ള പ്രണയം പ്രമേയമാക്കിയ ഗെറ്റിംഗ് ലോസ്റ്റ് എന്ന നോവൽ പ്രണയത്തിൽ സ്വയം നഷ്ടപ്പെട്ടവരുടെ വേദപുസ്തകമാണ്. ലജ്ജയില്ലാത്ത ലൈംഗികത, കൗമാരം, വിവാഹം, ഗർഭഛിദ്രത്തിന്റെ ആഘാതം, മാറിടത്തിലെ കാൻസർ, അമ്മയുടെ മരണം,
മരണ കൽപ്പനകൾ എന്നിവയെല്ലാം എർണോ നോവലുകളായി രചിച്ചിട്ടുണ്ട്. നാൽപ്പതോളം ഗ്രന്ഥങ്ങളുണ്ട്. വിവാഹ ബന്ധത്തിൽ രണ്ട് പുത്രന്മാരുണ്ട്.
രണ്ടുതവണ നിരസിക്കപ്പെട്ടു
സാഹിത്യ നോബൽ ആദ്യം നിരസിച്ചത് 1958ൽ സോവിയറ്റ് യൂണിയനിലെ വിഖ്യാത സാഹിത്യകാരൻ ബോറിസ് പാസ്റ്റർനാക്കാണ്. ആദ്യം പുരസ്കാരം സ്വീകരിക്കാൻ സമ്മതിച്ചിരുന്നു. പിന്നെ സോവിയറ്റ് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം നിരസിച്ചു.
1964ൽ ഫ്രഞ്ച് ബുദ്ധിജീവിയായിരുന്ന ഴാങ് പോൾ സാർത്രും നോബൽ സമ്മാനം നിരസിച്ചു, അദ്ദേഹം ഒരു സമ്മാനവും സ്വീകരിച്ചിരുന്നില്ല.