
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ശിശുഭവനിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. വിവേകാനന്ദ സേവാലയയിലെ അന്തേവാസികളായ അതിഷ് (11), മധേഷ് (14), ബാബു (10) എന്നിവരാണ് മരിച്ചത്. പതിനൊന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് 15 കുട്ടികൾ, ഇഡ്ഡലിയും പൊങ്കലും കഴിച്ചത്. തുടർന്ന് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാരവാഹികൾ മരുന്നുനൽകിയിരുന്നു.
എന്നാൽ ഇന്നലെ രാവിലെയോടെ രണ്ടു കട്ടികൾ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് മരിച്ചത്. തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സെക്യൂരിറ്റി ജീവനക്കാരനായ ജയറാമും കുട്ടികളും അപകടനില തരണം ചെയ്‌തെന്നും ഒരാൾ ആശുപത്രി വിട്ടെന്നും അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് തിരുപ്പൂർ കളക്ടർ എസ്. വിനീതും പൊലീസ് കമ്മിഷണറും മറ്റ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി. കേസെടുത്തെങ്കിലും സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഭക്ഷണ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും കമ്മിഷണർ അറിയിച്ചു.