hh

കേരളത്തെ ഒട്ടാകെ വേദനിപ്പിക്കുന്ന അതിദാരുണമായ അപകടമാണ് വടക്കഞ്ചേരിയിൽ സംഭവിച്ചത്. സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കു പോയ അഞ്ചു കുട്ടികളടക്കം ഒൻപതു പേരുടെ വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞു പോയത്. നിയമങ്ങൾ പാലിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു എന്നത് അപകടത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ചിരിയും കളിയുമായി എറണാകുളം മുളന്തുരുത്തിയിലെ വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരുമായി ഊട്ടിയിലേക്കു പോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിനു പിന്നിലിടിച്ച് ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്.

ഒരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിനിടയാക്കിയ പ്രധാന കാരണം ബസിന്റെ അമിത വേഗതയാണ്. സ്പീഡ് ഗവർണർ ഘടിപ്പിക്കാതെ ഇത്തരം വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഈ വാഹനത്തിലും സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. പക്ഷേ അത് ഊരിയിട്ട നിലയിലായിരുന്നു. അല്ലെങ്കിൽ 97.2 കിലോമീറ്റർ സ്പീഡിൽ ബസിന് പോകാൻ കഴിയില്ല. ഇത് ഊരിയിടാൻ നിർദ്ദേശം നൽകിയവരും അതു ചെയ്തവരുമാണ് പ്രധാന പ്രതികളാകേണ്ടത്.

അമിത വേഗമാണ് ഭൂരിപക്ഷം റോഡപകടങ്ങളുടെയും പ്രധാന കാരണമെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ കണ്ടെത്തിയതിനു ശേഷമാണ് സ്പീഡ് ഗവർണർ നിർബന്ധമാക്കിയത്. നിരത്തിൽ എന്തുമാകാമെന്ന ധിക്കാരവും അതോടൊപ്പം പരിശോധനകളുടെ കുറവുമാണ് ഈ അപകടവും വ്യക്തമാക്കുന്നത്. കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുമ്പോൾ സ്കൂൾ അധികൃതർ പാലിക്കേണ്ട നിബന്ധനകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. യാത്രാവിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നതാണ് അതിലൊന്ന്. ഇത് വിനോദയാത്രയ്ക്കു പോകുന്നവരിൽ ഭൂരിപക്ഷവും അവഗണിക്കുന്നു. ടൂർ ഓപ്പറേറ്റർമാരുടെ ലിസ്റ്റിൽ നിന്നുള്ള ബസുകൾ മാത്രമേ വിനോദയാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് ടൂറിസം വകുപ്പും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് മിക്കവാറും സ്കൂളുകളുടെ അധികൃതർ പോലും ബോധവാന്മാരല്ല. പല നിയമങ്ങളും ഏട്ടിലെ പശുവായി തുടരുന്നു എന്നതാണ് ഇതിൽ നിന്നൊക്കെ മനസിലാക്കേണ്ടത്.

അസമയത്തുള്ള യാത്ര ഒഴിവാക്കണമെന്ന് പഴമക്കാർ എപ്പോഴും പറയാറുള്ളതാണ്. വടക്കഞ്ചേരിയിൽ അപകടം സംഭവിച്ചത് അർദ്ധരാത്രിക്കു ശേഷമാണ്. സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കു പോകുന്നവർ നിർബന്ധമായും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുമതി വാങ്ങണമെന്ന ചട്ടഭേദഗതിയാണ് ആദ്യം കൊണ്ടുവരേണ്ടത്. റോഡിലെ പരിശോധനയിൽ ഈ അനുമതിപത്രമില്ലെങ്കിൽ ഗതാഗതവകുപ്പ് യാത്ര അനുവദിക്കരുത്. രാത്രി പത്തുമണിക്കു മുൻപായി നിശ്ചിത സ്ഥലങ്ങളിലെത്തുന്ന രീതിയിൽ വേണം യാത്ര ക്രമീകരിക്കാൻ. ഇങ്ങനെയൊക്കെ സൂക്ഷിച്ചാലേ ഭാവിയിലെങ്കിലും ദുരന്തങ്ങൾ ഒഴിവാക്കാനാകൂ.

എല്ലാ നിയമങ്ങളും ലംഘിച്ച ടൂറിസ്റ്റ് ബസാണ് ഇതെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. കാതടപ്പിക്കുന്ന ഹോണും ആഡംബര ലൈറ്റുകളും മറ്റുമാണ് ബസിലുണ്ടായിരുന്നത്. വടക്കഞ്ചേരിയിൽ ദുരന്തത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ് നേരത്തെയും നിരവധി നിയമലംഘനങ്ങൾ നടത്തിയതിനാൽ ഗതാഗതവകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ളതാണെന്നും വാർത്തയുണ്ട്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ മാതൃകാപരവും അടിയന്തരവുമായ ശിക്ഷാനടപടി കൈക്കൊള്ളുകയും വേണം. ഹൈക്കോടതിയും പ്രശ്നത്തിൽ ഇടപെട്ടത് ഉചിതമായി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സംഭവത്തിൽ നടുക്കവും ദുഃഖവും പ്രകടിപ്പിച്ചിട്ടുണ്ട്.

മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ ദുഃഖം വാക്കുകളാൽ നികത്താവുന്നതല്ല. അപകടത്തിൽ മരിച്ച ഒൻപതു പേരുടെയും കുടുംബങ്ങൾക്ക് ജീവിതകാലം മുഴുവൻ ഇത് നീറുന്ന ഓർമ്മയായിരിക്കും. ആ കുടുംബങ്ങളുടെ തീരാവേദനയിൽ ഹൃദയഭാരത്തോടെ ഞങ്ങളും പങ്കുചേരുന്നു.