
കൊച്ചി : സ്വകാര്യ ടെലികോം കമ്പനി ജീവനക്കാർ തന്നെ പൂട്ടിയിട്ടെന്ന് നടി അന്ന രേഷ്മ രാജൻ. ടെലികോം കമ്പനിയുടെ ആലുവയിലെ ഷോറൂമിൽ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാൻ ചെന്നപ്പോൾ ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് നടി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഷോറൂമിന്റെ ഷട്ടർ അടച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. അതേസമയം ജീവനക്കാർ സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞതോടെ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്നാണ് അന്ന രേഷ്മ രാജൻ പറയുന്നത്. ജീവനക്കാരുടെ ഭാവി മുൻനിറുത്തി കേസ് ഒത്തു തീർപ്പാക്കിയെന്നും താരം പ്രതികരിച്ചു.
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു അന്നയുടെ സിനിമാ അരങ്ങേറ്റം. വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദീസ, മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് അന്നയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.