
ജൂനിയർ മാൻഡ്രേക്ക് എന്ന മലയാളചിത്രത്തിൽ നടുറോഡിൽ പായ വിരിച്ച് കിടന്ന് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കഥാപാത്രം ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ കണ്ട് ചിരിക്കാത്ത മലയാളികളുണ്ടാകില്ല. എന്നാൽ ഈ നർമരംഗത്തിന് സമാനമായ ഒരു സംഭവം അടുത്തിടെ ദുബായിൽ അരങ്ങേറിയിരുന്നു. ദുബായ് പൊലീസിന് തലവേദന സൃഷ്ടിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വലിയ തോതിൽ തന്നെ പ്രചരിച്ചിരുന്നു. ദുബായിലെ സലാഹുദ്ധീൻ സ്ട്രീറ്റിലെ തിരക്കേറിയ റോഡിന് കുറുകെ ഒരാൾ തലയണയുമായി കിടക്കുന്നതായിരുന്നു വൈറലായി പ്രചരിച്ച വീഡിയോയുടെ ഉള്ളടക്കം. തിരക്കേറിയ റോഡിൽ ജനജീവിതം അപകടപ്പെടുന്ന രീതിയിൽ പെരുമാറിയ ഇയാളെ ദുബായ് പൊലീസ് അധികം വൈകാതെ തന്നെ പിടികൂടി.
തിരക്ക് വകവെയ്ക്കാതെ റോഡിൽ കിടക്കുന്ന ആളുടെ വീഡിയോ ദൃശ്യം ടിക് ടോകിലായിരുന്നു ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഈ വീഡിയോ ദൃശ്യം നീക്കം ചെയ്തെങ്കിലും അതിനോടകം തന്നെ നിരവധി പേർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിരുന്നു. ജനങ്ങളുടെ ജീവനും ആരോഗ്യവും സുരക്ഷയും അപകടപ്പെടുത്തുന്ന തരത്തിൽ മനഃപൂർവം പ്രവർത്തിച്ചതിന് തടവ് ശിക്ഷയും പിഴയും ഏർപ്പെടുത്താവുന്ന വകുപ്പ് പ്രകാരം അറസ്റ്റിലായ ഇയാൾ ഏഷ്യൻ വംശജനാണെന്നാണ് ദുബായ് പൊലീസ് ട്വിറ്റർ മുഖേന അറിയിച്ചത്. ഇയാൾക്കതിരെ മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചതിനും മാർഗതടസ്സം സൃഷ്ടിച്ചതിനും അടക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
The #Dubai_Police has arrested an Asian man who endangered his life and the lives of others. pic.twitter.com/eX25mvFBG1
— Dubai Policeشرطة دبي (@DubaiPoliceHQ) October 4, 2022
വീഡിയോയിൽ പ്രത്യക്ഷപ്പെട്ടയാളുടെ വ്യക്തിഗത വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേ സമയം നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്മാർട്ട് ആപ്പ് സേവനമുപയോഗിച്ച് തങ്ങളെ വിവരമറിയിക്കണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങളെ അറിയിച്ചു