
ന്യൂഡൽഹി: പതിനൊന്നുകാരിയെ രണ്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഡൽഹി കേന്ദ്രീയ വിദ്യാലയത്തിലെ ടോയ്‌ലെറ്റിൽ വച്ചാണ് വിദ്യാർത്ഥികൾ കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ക്ലാസ് മുറിയിലേക്ക് പോകുകയായിരുന്ന കുട്ടി 11,12 ക്ലാസുകളിലെ വിദ്യാർത്ഥികളുമായി അബദ്ധത്തിൽ കൂട്ടിയിടിച്ചു. തുടർന്ന് കുട്ടി ക്ഷമാപണം നടത്തിയെങ്കിലും ടോയ്‌ലെറ്റിൽ പൂട്ടിയിട്ട ശേഷം ഇവർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം മൂടിവയ്ക്കാനും ആൺകുട്ടികളെ രക്ഷിക്കാനും സ്കൂളിലെ അദ്ധ്യാപിക ശ്രമിച്ചെന്നും വിഷയത്തിൽ ഇടപെട്ട ഡൽഹി വനിതാ കമ്മിഷൻ വ്യക്തമാക്കി. വനിതാ കമ്മിഷൻ ഡൽഹി പൊലീസിനും സ്‌കൂൾ പ്രിൻസിപ്പലിനും നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ കേന്ദ്രീയ വിദ്യാലയ സമിതിയും അന്വേഷണത്തിന് ഉത്തരവിട്ടു.
വനിതാ കമ്മിഷൻ ഇടപെട്ടതിന് പിന്നാലെ ചൊവ്വാഴ്ച പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു, സംഭവം നടന്ന് രണ്ട് മാസം കഴിഞിട്ടും പൊലീസിൽ അറിയിക്കാത്തത് എന്തു കൊണ്ടാണെന്ന് സ്കൂൾ അധികൃതരോട് കമ്മിഷൻ ചോദിച്ചു. പെൺകുട്ടിയോ മാതാപിതാക്കളെ സംഭവം പ്രിൻസിപ്പലിനെ അറിയിച്ചില്ലെന്നാണ് കേന്ദ്രീയ വിദ്യാലയ സമിതിയുടെ വിശദീകരണം. പൊലീസ് അന്വേഷണം ആരംഭിച്ച ശേഷമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും ഇവർ വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥികൾ ഉപദ്രവിച്ച കാര്യം അദ്ധ്യാപികയെ പെൺകുട്ടി അറിയിച്ചിരുന്നെന്ന് ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ പറഞ്ഞു. എന്നാൽ സംഭവം മൂടിവയ്ക്കാനാണ് അദ്ധ്യാപിക ശ്രമിച്ചതെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും സ്വാതി മാലിവൾ വ്യക്തമാക്കി.