
ലക്നൗ : 63 പന്തുകളിൽ പുറത്താകാതെ 86 റൺസുമായി അവസാന പന്തുവരെ മലയാളി താരം സഞ്ജു സാംസൺ പൊരുതിനോക്കിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയിക്കാനായില്ല. മഴ വൈകിപ്പിച്ചതിനെതുടർന്ന് 40 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 250 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 240/8 എന്ന സ്കോറിലൊതുങ്ങി . ഒൻപത് റൺസിന് ജയിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സരപരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 17.4 ഓവറിൽ 51 റൺസെടുക്കുന്നതിനിടയിൽ 4 വിക്കറ്റുകൾ നഷ്ടമായെങ്കിലും ശ്രേയസ് അയ്യർ(50), സഞ്ജു സാംസൺ (86*),ശാർദൂൽ താക്കൂർ(33) എന്നിവരുടെ പോരാട്ടമാണ് ജകവൻ നൽകിയത്. ധവാൻ(4),ഗിൽ (3),റിതുരാജ് (19),ഇഷാൻ കിഷൻ(20) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായപ്പോൾ വൻപരാജയത്തിന്റെ വക്കിലായിരുന്നു ഇന്ത്യ. അവിടെ നിന്ന് തോൽവിയുടെ ആഘാതം കുറച്ചത് ഒൻപത് ഫോറുകളും മൂന്ന് സിക്സുകളും പായിച്ച സഞ്ജുവിന്റെ ഇന്നിംഗ്സായിരുന്നു. സഞ്ജുവിന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ ലക്നൗവിൽ കുറിക്കപ്പെട്ടത്.
ടോസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാൻ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.അർദ്ധസെഞ്ച്വറികൾ നേടുകയും നാലാം വിക്കറ്റിൽ പുറത്താകാതെ 139 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്ത ഹെൻറിച്ച് ക്ളാസനും(74),ഡേവിഡ് മില്ലറും (75),48 റൺസടിച്ച ഓപ്പണർ ഡികോക്കും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ 249/4ലെത്തിച്ചത്.
ജാനേമൻ മലാനും (22),ക്വിന്റൺ ഡികോക്കും ചേർന്നാണ് ഓപ്പണിംഗിന് ഇറങ്ങിയത്. ആദ്യ പത്തോവറിൽ വിക്കറ്റ് നഷ്ടമാകാതിരിക്കാനാണ് ദക്ഷിണാഫ്രിക്ക പരിശ്രമിച്ചത്. 13-ാം ഓവറിൽ മലാനെ ശ്രേയസ് അയ്യരുടെ കയ്യിലെത്തിച്ച് ശാർദൂൽ താക്കൂർ സന്ദർശകർക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. പകരമിറങ്ങിയ നായകൻ ടെംപ ബൗമ (8) ട്വന്റി -20 പരമ്പരയിലേതുപോലെ താളം കണ്ടെത്താൻ ബുദ്ധിമുട്ടി.15-ാം ഓവറിൽ താക്കൂർ തന്നെ ബൗമയെയും മടക്കി അയച്ചു. ദക്ഷിണാഫ്രിക്കൻ നായകൻ താക്കൂറിന്റെ പന്ത് ബാറ്റിനും പാഡിനും ഇടയിലൂടെ പാഞ്ഞ് ബൗമയുടെ കുറ്റി തെറുപ്പിക്കുകയായിരുന്നു. അടുത്ത ഓവറിൽ എയ്ഡൻ മാർക്രമിനെ(0) കുൽദീപ് ബൗൾഡാക്കിയതോടെ ദക്ഷിണാഫ്രിക്ക 71/3 എന്ന നിലയിലായി.
തുടർന്നിറങ്ങിയ ഹെൻറിച്ച് ക്ളാസനെ കൂട്ടി ഡികോക്ക് മുന്നോട്ടുനീങ്ങിയെങ്കിലും അർദ്ധസെഞ്ച്വറി തികയ്ക്കാനാവുംമുന്നേ മടങ്ങേണ്ടിവന്നു.54 പന്തുകളിൽ അഞ്ചു ബൗണ്ടറികൾ പായിച്ച ഡികോക്കിനെ23-ാം ഓവറിൽ രവി ബിഷ്ണോയ് എൽ.ബിയിൽ കുരുക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക 110/4 എന്ന നിലയിലായി. തുടർന്നാണ് ക്ളാസനും മില്ലറും ഒത്തുചേർന്നത്.