
ന്യൂഡൽഹി: ഡൽഹി കസ്റ്റംസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത വാച്ചുകളുടെ മൊത്തത്തിലുള്ള വില അറിഞ്ഞാൽ ആരായാലും ഒന്ന് ഞെട്ടുമെന്ന കാര്യം ഉറപ്പാണ്. ലക്ഷങ്ങളും കോടികളും വിലവരുന്ന സ്വർണവും ഡയമണ്ടുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിമാനത്താവളങ്ങളിൽ നിന്നും പിടിച്ചെടുത്ത നിരവധി വാർത്തകൾ പുറത്തു വരാറുണ്ട്. എന്നാൽ സാധാരണയായി പിടിച്ചെടുക്കാറുള്ള സുവർണ ലോഹത്തിന്റെ വിലമതിപ്പിനൊക്കെ ഏറെ മുന്നിൽ റെക്കോർഡ് മതിപ്പ് എന്ന് പറയാവുന്ന തരത്തിലുള്ള കുറച്ച് വാച്ചുകളാണ് ഡൽഹി കസ്റ്റംസ് പിടിച്ചെടുത്തത്. 27 കോടി മതിപ്പുള്ള ജേക്കബ് & കോയുടെ ആഡംബര വാച്ച് അടക്കം ആകെ 28 കോടി രൂപ വിലവരുന്ന വാച്ചുകൾ ഇതിൽപെടുന്നു
വിലപിടിപ്പുള്ള ഡയമണ്ടുകൾ പിടിപ്പിച്ച ജേക്കബ് & കോയുടെ വാച്ചും ഒരു ഐഫോൺ 14 പ്രോയുമടക്കം ആയിരുന്നു ദുബായിൽ നിന്നുള്ള യാത്രക്കാരനിൽ നിന്നും കസ്റ്റംസ് ആദ്യം പിടിച്ചെടുത്തത്. പിന്നീട് ഇയാളുടെ ബാഗ് പരിശോധിച്ചതിൽ നിന്നും റോളക്സ് അടക്കമുള്ള മറ്റ് ആറ് ആഡംബര വാച്ചുകൾ കൂടെ കണ്ടെത്തി. കസ്റ്റംസ് അധികൃതർ വെളിപ്പെടുത്തിയത് പ്രകാരം 27 കോടി വില വരുന്ന ജേക്കബ് & കോയുടെ 76 കാരറ്റിൽ നിർമിച്ച സ്വിസ് ആഡംബരവാച്ചിൽ 76 ഡയമണ്ടുകൾ പതിപ്പിച്ചുണ്ട്.

കൂടാതെ കടത്താൻ ശ്രമിച്ച 31 ലക്ഷം രൂപ വിലയുള്ള പിയാബെറ്റ് ലൈെംലൈറ്റ് സ്റ്റെല്ല വാച്ചും ഒന്നിന് 15 ലക്ഷം രൂപ വില വരുന്ന അഞ്ച് റോളക്സ് വാച്ചുകളും കസ്റ്റംസ് പിടിച്ചെടുത്തു.


ഡൽഹി ഇന്ദിരാ ഗാന്ധി എയർപോർട്ടിലെ കസ്റ്റംസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടിച്ചെടുക്കുന്ന ഏറ്റവും ഉയർന്ന തുകയിലുള്ള കള്ളക്കടത്ത് ഉത്പന്നങ്ങളാണ് ഇവയെന്നാണ് കസ്റ്റംസ് അറിയിക്കുന്നത്. വിദേശത്ത് നിന്ന് കൊണ്ട് വരുന്ന വസതുക്കൾക്ക് ചാർത്തുന്ന നികുതിയും ആഡംബര നികുതിയും അടക്കം ഒഴിവാക്കാനായാണ് സാധാരണയായി ഇത്തരത്തിൽ സഞ്ചാരികൾ മുഖേന കള്ളക്കടത്ത് നടത്തുന്നത്.