
കൊച്ചി: 'ഇവൻ അസുരൻ. പക്ഷേ, കൂടെനിന്നവർക്കും ആരാധിച്ചവർക്കും ഇവൻ ദേവനായിരുന്നു...കാത്തിരിക്കാം ഇവന്റെ ദേവാസുര കഥകൾക്കായി.." വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ലൂമിനസ് ബസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണിത്. ലൂമിനസ് ബസിന്റെ ഔദ്യോഗിക പേജുകളിൽ നിന്നുള്ള ദൃശ്യങ്ങളൊക്കെ ഇന്നലെ രാവിലെതന്നെ അപ്രത്യക്ഷമായെങ്കിലും ഇത്തരം വാഹനങ്ങളെ ഭ്രാന്തമായി ആരാധിക്കുന്നവരുടെ പേജുകളിലും പോസ്റ്റുകളിലും ബസ് ഇപ്പോഴും 'മിന്നി നിൽക്കുന്നു'. ലൂമിനസിനെ പുകഴ്‌ത്തുന്ന ഒന്നേകാൽ മിനിട്ട് ദൈർഘ്യമുള്ള വീഡിയോയ്ക്കുപുറമേ വിവിധ കോളേജുകളിലും സ്കൂളുകളിലും നൽകിയ സ്വീകരണങ്ങളും ആഘോഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നിയമലംഘനങ്ങൾ കൈമുതലാക്കിയ 'ലൂമിനസ്' അസുര ബസ് ദുരന്തത്തിലേക്ക് പാഞ്ഞുകയറിയത് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗതയിൽ. പരമാവധി വേഗത 65 കി.മി/ മണിക്കൂർ ആണ്. അമിതവേഗതയ്ക്കും അനാവശ്യമായി എയർഹോൺ മുഴക്കിയതിനും ലൈറ്റുകൾകൊണ്ട് ആർഭാടം കാട്ടിയതിനുമൊക്കെ ലൂമിനസ് ബസിന് കേസുകളുണ്ട്. മോട്ടോർ വാഹനവകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ക്രിമിനൽ കേസിലെ പ്രതികളോടെന്നപോലെയുള്ള ശിക്ഷാനടപടികൾ ബസിന്റെ കാര്യത്തിൽ ഇല്ലാത്തതുകൊണ്ട് ലൂമിനസിന്റെ ചുറ്റിക്കളി അനസ്യൂതം തുടർന്നു. ഡ്രൈവർ ജോമോൻ എന്ന ജിജോ പത്രോസിന്റെ തന്ത്രങ്ങൾക്ക് മുമ്പിൽ വീണുപോയ നിരവധി ആളുകൾ ലൂമിനസിന്റെ ആരാധകരാണ്. പ്രത്യേകിച്ച് യുവാക്കൾ. അത്തരത്തിൽ ജോമോന്റെ വലയിൽവീണവരാണ് മുളന്തുരുത്തി മാർ ബസേസിയോസ് സ്കൂൾ അധികൃതരും. ബുധനാഴ്ച ഊട്ടിക്ക് പോയി ശനിയാഴ്ച മടങ്ങിവരുന്ന രീതിയിലായിരുന്നു ഇത്തവണത്തെ പാക്കേജ്. പിന്നെ സംഭവിച്ചതെല്ലാം ദുർവിധികളായിരുന്നു.
അപകടമുണ്ടാക്കിയ ലൂമിനസ് ഹോളിഡേയ്സ് എന്ന ഈ ടൂറിസ്റ്റ് ബസിന് നിയമലംഘനത്തിന് പിഴ ചുമത്തിയത് നാലുതവണ. ഇതിൽ മൂന്നെണ്ണത്തിന് പിഴയടച്ചിട്ടില്ല. ഇതോടെ മോട്ടോർ വാഹനവകുപ്പ് ബസ് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. നിയമവിരുദ്ധമായി ലൈറ്റുകൾ പിടിപ്പിച്ചതിന് മൂന്നു തവണയാണ് പിഴയിട്ടത്. തെറ്റായ ദിശയിലെ പാർക്കിംഗിന് ഒരു തവണയും. പാമ്പാടി പങ്ങട തെക്കേമറ്റം എസ്. അരുണിന്റെ പേരിൽ കോട്ടയം ആർ.ടി ഓഫീസിലാണ് 2019ൽ ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളിൽ നിന്ന് പിറവത്തെ ടൂർ പാക്കേജ് എജൻസി ലീസിന് എടുത്ത് സർവീസ് നടത്തുകയായിരുന്നു.