health

രാത്രി നന്നായി ഉറങ്ങിയാൽ ഒരു ദിവസം മുഴുവൻ ഊർജസ്വലമായും ഉന്മേഷത്തോടെയും ഇരിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ശരിയായ ഉറക്കം മാത്രമല്ല ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കണമെങ്കിൽ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിൽ ആവശ്യത്തിനുള്ള ജലാംശം ഇല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അതിനായി ശരീരത്തിനാവശ്യമായ അളവിൽ വെള്ളം കുടിക്കണം. ഇത് മാത്രമല്ല, ദിവസവും നിങ്ങൾ എണീറ്റയുടനേ കുടിക്കുന്ന പാനീയവും വളരെ പ്രധാനപ്പെട്ടതാണ്. പലരും ചായയോ വെള്ളമോ ആണ് കുടിക്കാറുള്ളത്. എന്നാൽ അതിനേക്കാളെല്ലാം നിങ്ങളുടെ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നൽകാൻ സഹായിക്കുന്ന പാനീയങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ആപ്പിൾ സിഡർ വിനിഗർ

ഉറക്കം എണീറ്റയുടൻ ഒരു ഗ്ലാസ് വെള്ളത്തിൽ അൽപ്പം ആപ്പിൾ സിഡർ വിനിഗർ ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ ആന്റിഓക്സിഡന്റുകൾ വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് കുടിക്കുന്നതിലൂടെ ദഹനവും വർദ്ധിപ്പിക്കുന്നു.

ഗ്രീൻ ടി

ആന്റി ഓക്സിഡന്റുകൾ ധാരാളമായി ഗ്രീൻ ടിയിൽ അടങ്ങിയിട്ടുണ്ട്. മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് കുടിക്കുന്നതിലൂടെ കഴിയുന്നു. കാൻസറിൽ നിന്നും ഹൃദ്‌രോഗത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനും ഗ്രീൻ ടി നല്ലതാണ്.

കാപ്പി

ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് കാപ്പി. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും കാപ്പി സഹായിക്കുന്നു. രാവിലെ കാപ്പി കുടിക്കുന്നത് കോർട്ടിസോൾ എന്ന ഹോർമോണിന്റെ പ്രവർത്തനം കൂട്ടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും നിയന്ത്രിക്കാനും ദിവസവും കാപ്പി കുടിക്കുന്നതിലൂടെ കഴിയുന്നു.

കറ്റാർവാഴ ജ്യൂസ്

സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല വയറിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനും കറ്റാർവാഴ വളരെ നല്ലതാണ്. കറ്റാർവാഴ ജ്യൂസിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

തക്കാളി ജ്യൂസ്

ദിവസവും വെറും വയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ജലാംശം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും തക്കാളി ജ്യൂസ് നല്ലതാണ്.