
ഇലക്ട്രിക് സ്‌കൂട്ടറുകൾ എടുക്കണോ വേണ്ടയോ എന്നുള്ള ആലോചനയിലാവും ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ മനസ് ഇപ്പോൾ. കൈയിൽ കാശില്ലെങ്കിലും പെട്രോളടിക്കുന്ന രൂപയ്ക്ക് ഫിനാൻസ് അടയ്ക്കാം എന്നതാണ് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയാലുള്ള നേട്ടം. എന്നാൽ വർഷങ്ങളായി വിശ്വാസമുള്ള ഇരുചക്ര വാഹന നിർമ്മാതാക്കൾ അവരുടെ ഇലക്ട്രിക് സ്‌കൂട്ടർ ഇറക്കുന്നതും കാത്തിരിക്കുകയാവും ചിലർ. നിലവിൽ ഹീറോ, ഹോണ്ട, യമഹ, സുസുക്കി, ടി വി എസ്,ബജാജ് എന്നീ കമ്പനികളിൽ ചിലരുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലുണ്ട്. മറ്റുള്ളവർ വമ്പൻ പദ്ധതികളുമായി എത്തുകയുമാണ്. അറിയാം ആറ് ജനപ്രിയ കമ്പനികൾ ഇറക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ച്.
ഹീറോ
ലോകത്തെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോയുടെ പുത്തൻ ഇലക്ട്രിക് സ്‌കൂട്ടർ 'വിഡ' ഇന്ന് ഇറങ്ങുകയാണ്. ഒരു ലക്ഷം മുതൽ 1.10 ലക്ഷം വരെ എക്സ്‌ഷോറൂം വിലയുള്ള ഈ മോഡലിന്റെ കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തു വിട്ടിട്ടില്ല. റേഞ്ച്, ബാറ്ററി സ്‌പെസിഫിക്കേഷൻ, മോട്ടോർ പവർ ഔട്ട്പുട്ട് എന്നീ വിവരങ്ങൾ അൽപ്പസമയത്തിനകം വിശദമാക്കാനായേക്കും.
ഹോണ്ട
ഇന്ത്യയിൽ സ്‌കൂട്ടറെന്നാൽ ആദ്യം മനസിൽ വരുന്ന പേര് ആക്ടീവ എന്നാവും. ആക്ടീവയുടെ സൃഷ്ടാക്കളായ ഹോണ്ട ആക്ടിവ ബ്രാൻഡ് നാമത്തിൽ തന്നെ അവരുടെ ഇലക്ട്രിക് സ്‌കൂട്ടറും ഇറക്കും എന്നാണ് കരുതുന്നത്. ഉടനെത്തുന്ന ഈ സ്‌കൂട്ടറിന് ഏകദേശം 100 കിലോമീറ്റർ റേഞ്ചുണ്ടാവും. ഏകദേദം 1.15 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ കമ്പനി ഉടൻ വെളിപ്പെടുത്തും.
യമഹ
സ്‌കൂട്ടറിലും യുവത്വത്തിന് ചെത്തിനടക്കാനാവുമെന്ന് തെളിയിച്ച യമഹ അവരുടെ ഇലക്ട്രിക് സ്‌കൂട്ടർ യൂറോപ്പിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. വൈകാതെ ഇന്ത്യയിലും എത്തും. യമഹ നിയോ ഇലക്ട്രിക് സ്‌കൂട്ടർ 2023ന്റെ തുടക്കത്തിൽ ഇന്ത്യയിൽ തരംഗമായേക്കും. ഏകദേശം 1.25-1.30 ലക്ഷം രൂപ ഇന്ത്യയിൽ വിലയുണ്ടാവും.
സുസുക്കി
സുസുക്കി അവരുടെ ബർഗ്മാൻ ഇലക്ട്രിക് സ്‌കൂട്ടർ അടുത്തിടെ രാജ്യത്ത് പരീക്ഷണം നടത്തിയിരുന്നു. ഏത് നിമിഷവും ഇന്ത്യൻ വിപണിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് ഈ സ്‌കൂട്ടറിനുണ്ടാകും എന്ന് കരുതുന്നു.
ടിവിഎസ്
നിലവിൽ ടിവിഎസ് ഐക്യൂബ് എന്ന മോഡൽ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ ഈ മോഡലിന്റെ അപ്‌ഡേറ്റഡ് വെർഷൻ ഇറങ്ങിയേക്കും. ഇതിന് പുറമേ അടുത്ത വർഷം കമ്പനി ബഡ്ജറ്റ് ഫ്രണ്ട്ലിയായ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കാനും സാദ്ധ്യതയുണ്ട്.
ബജാജ്
നിലവിൽ ബജാജ് ചേതക് ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ഇന്ത്യയിൽ ആദ്യമെത്തിയ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണിത്. വരും നാളുകളിൽ സാധാരണക്കാരന് താങ്ങാനാവുന്ന വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടർ ബജാജ് അവതരിപ്പിക്കുവാൻ സാദ്ധ്യത ഏറെയാണ്.