s-sreejith

കൊച്ചി: വടക്കഞ്ചേരി ബസപകടം പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി. റോഡിൽ ഡ്രൈവർമാർ കാണിക്കുന്ന അശ്രദ്ധ ആശങ്കയുളവാക്കുന്നു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്നും കോടതി നിർദേശിച്ചു. ട്രാഫിക് സംവിധാനങ്ങൾ കയറൂരിവിട്ടപോലെയാണെന്നും, കെഎസ്ആർടിസി ബസുകളും നിയമലംഘനം നടത്തുന്നുവെന്ന് പറഞ്ഞു. ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് കോടതിയിൽ ഹാജരായി. എസ് ശ്രീജിത്തിനോട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു.

അശ്രദ്ധ മൂലമുണ്ടാകുന്ന അപകടം തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഗതാഗത കമ്മീഷണർ കോടതിയെ അറിയിച്ചു. എന്നിട്ടും അപകടങ്ങൾ തുടരുകയാണല്ലോ എന്ന് കോടതി ചോദിച്ചു. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുവെന്ന് ഉടമയ്ക്ക് അലർട്ട് പോയിരുന്നു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റ് രണ്ട് തവണ മുന്നറിയിപ്പ് നൽകിയികുന്നു എന്നും എസ് ശ്രീജിത്ത്‌ കോടതിയെ അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറവാണ്. 1.67 കോടി വണ്ടികൾ റോഡുകളിലുണ്ടെന്നും 368 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും എസ് ശ്രീജിത്ത്‌ കോടതിയില്‍ പറ‍ഞ്ഞു. എൻഫോഴ്‌സ്‌മെന്റ് അമിത വേഗത പരിശോധിക്കുന്നുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചു.

എന്നാൽ, റോഡിൽ ഇറങ്ങിയാൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടമാണ് കാണുന്നതെന്നും, മിക്ക ബസുകളും നിയന്ത്രിക്കുന്നത് അധികാര കേന്ദ്രവുമായി അടുപ്പമുള്ളവരാണെന്നും കോടതി പറഞ്ഞു. ഏത് തരത്തിലും വണ്ടി ഓടിക്കാൻ ഇവർക്ക് എവിടുന്നു ധൈര്യം കിട്ടുന്നുവെന്നും കോടതി ചോദിച്ചു. സ്പീഡ് ഗവർണറിൽ കൃത്രിമത്വം നടത്തുന്നുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയെ അറിയിച്ചു. റോഡ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും കമ്മീഷണർക്കാണെന്നും വടക്കഞ്ചേരി അപകടം പോലെ മറ്റൊരു അപകടം ആവർത്തിക്കപ്പെടാൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. നിയമലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി വേണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

വടക്കഞ്ചേരി അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയില്‍ പറഞ്ഞു. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ ആവില്ല എന്ന് അറിയാമെന്നും ട്രാൻസ്പോർട്ട് കമ്മീഷണറെ കുറ്റപ്പെടുത്താൻ അല്ല ഉദ്ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി. റോഡിൽ പുതിയൊരു സംസ്കാരം വേണം, ഈ അപകടം അതിനൊരു നിമിത്തമായി എടുക്കണമെന്നും കോടതി പറഞ്ഞു. അശ്രദ്ധമൂലം അപകടങ്ങൾ ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, മിക്ക ബസുകളും പൊലീസുകാരുടെതെന്ന് കേസിൽ കക്ഷിയായ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. അതാണ് പൊലീസ് നടപടിയെടുക്കാൻ ഭയക്കുന്നതെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി. ഇക്കാര്യം പരിശോധിക്കാമെന്നും കോടതി പറഞ്ഞു.