redmi

ന്യൂഡൽഹി: രാജ്യത്ത് ഷവോമിയുടെ 676 മില്യൺ ഡോളറിന്റെ ആസ്‌തി കേന്ദ്ര സർക്കാർ മരവിപ്പിച്ചതിനെ തുടർന്ന് ഇവിടെ പ്രവർത്തനം അവസാനിപ്പിച്ച് പാകിസ്ഥാനിലേക്ക് മാറും എന്ന റിപ്പോർട്ടുകൾ തള‌ളി കമ്പനി. സൗത്ത് ഏഷ്യാ ഇൻഡക്‌സ് റിപ്പോർട്ടിൽ വന്ന ഈ വിവരം ഷവോമി ഇന്ത്യ തള‌ളിക്കളഞ്ഞു. ആരോപണം പൂർണമായും തെറ്റും അടിസ്ഥാന രഹിതവുമാണെന്നും കമ്പനി വ്യക്തമാക്കി.

2014 ജൂലായിലാണ് ഷവോമി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 2015ൽ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലേക്ക് പ്രവേശിച്ചു. ഇപ്പോൾ 99 ശതമാനം സ്‌മാർട്‌ഫോണുകളും സ്‌മാർട്‌ ടിവികളിൽ 100 ശതമാനവും നിർമ്മിക്കുന്നത് ഇന്ത്യയിലാണെന്നും കമ്പനി അറിയിച്ചു. തെറ്റായതും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങൾ തള‌ളാനും തങ്ങളുടെ മതിപ്പ് നിലനിർത്തുന്നതിനും നടപടിയെടുക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

റോയൽറ്റിയുടെ മറവിൽ വിദേശത്തേക്ക് അനധികൃതമായി വിദേശനാണ്യം കടത്തിയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം നടക്കുന്നതിനാൽ കുറച്ചുനാളായി കമ്പനി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. കമ്പനിയുടെ 5551കോടി രൂപ പിടിച്ചെടുക്കാൻ വിദേശനാണ്യ അതോറിറ്റി, ഇഡിയ്‌ക്ക് അനുമതി നൽകിയിരുന്നു. ഇതുവരെ രാജ്യത്ത് നടന്ന ഏറ്റവും വലിയ ഫണ്ട് പിടിച്ചെടുക്കൽ സംഭവമാണ് ഇത്. ഷവോമി ഗ്രൂപ്പ് അടക്കം മൂന്ന് വിദേശ സ്ഥാപനങ്ങളിലേക്ക് കമ്പനി ഈ പണം അയച്ചതായി കണ്ടെത്തിയതിനെ തുടർന്നാണിത്.