jack-fruit

സംസ്ഥാന ഫലമായ ചക്കയുടെ പ്രസക്തി ഏറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഭക്ഷ്യവസ്തു എന്ന നിലയിലും ഭക്ഷ്യ സുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണമെന്ന നിലയിലും ഭക്ഷ്യസംസ്കരണ മേഖലയിലും ചക്കയുടെ പ്രാധാന്യം വളരെ വലുതാണ്.

പഴമായി ഉപയോഗിക്കാവുന്നതും ചിപ്സിനു കൊള്ളാവുന്നതുമായ നിരവധി ഇനങ്ങൾ തന്നെയുണ്ട്. ഇവയൊന്നും തന്നെ നശിച്ചുപോകാതെ കണ്ടെത്തി അവയെ സംരക്ഷിക്കേണ്ടത് പുതു തലമുറയുടെ ആവശ്യം തന്നെയാണ്. ഈ ഒരു സാഹചര്യം വിലയിരുത്തി നമ്മുടെ സംസ്ഥാന ഫലമായ ചക്കയുടെ വിവിധ നാടൻ ഇനങ്ങൾ കണ്ടെത്തുവാനും അവയെ സംരക്ഷിക്കുവാനും കേരള കാർഷിക സർവകലാശാലയുടെ കൊല്ലം ജില്ലയിലെ സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം ഒരു ഗവേഷണ പദ്ധതി നടപ്പിലാക്കുകയാണ്.

കർഷക പങ്കാളിത്തത്തോട് കൂടിയുള്ള ഗവേഷണ പദ്ധതിയിലേക്കായി കാലം തെറ്റി (സെപ്‌തംബർ മുതൽ നവംബർ വരെയോ) അല്ലെങ്കിൽ വർഷം മുഴുവൻ കായ്ക്കുന്നതുമായ പ്ലാവിനങ്ങൾ ഉള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉള്ള കർഷകർ ഇവയുടെ വിവരങ്ങൾ 8137840196 എന്ന ഫോൺ നമ്പറിൽ (വാട്‌സ്‌ആപ്പിലൂടെയോ വിളിച്ചോ )വിവരങ്ങൾ തരണമെന്ന് സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം പ്രൊഫസർ ആൻഡ് ഹെഡ് അറിയിച്ചു .