stary

തിരുവനന്തപുരം: തിരുവനന്തപുരം വിളവൂർക്കലിൽ 25 പേർക്ക് തെരുവുനായയുടെ കടിയേറ്റു. കനത്ത തെരുവുനായ ശല്യം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശമായ വിളവൂർക്കൽ പഞ്ചായത്തിൽ പത്തു വയസുള്ള കുട്ടിയെ അടക്കമാണ് തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചത്. വിളവൂർക്കലിന് സമീപമുള്ള ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് പ്രദേശവാസികൾക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്. പലർക്കും വീടിന് പുറത്ത് ഇടറോഡുകളിൽ വെച്ചാണ് കടിയേറ്റത് . ഇതിൽ കടയിലേയ്ക്ക് പോയ സ്തീകൾ, കുളിക്കാനായി കുളക്കടവിലേയ്ക്ക് പോയവർ, ടാക്സി ഡ്രൈവർ, ജോലി കഴിഞ്ഞ‌് തിരികെ മടങ്ങിയവർ അടക്കം പെടുന്നു. 25 പേരെയും ഒരേ നായ തന്നെ കടിച്ചതായാണ് പറയപ്പെടുന്നത്. തെരുവുനായ ആക്രമണത്തിൽ കാലിനടക്കം പരിക്കേറ്റവർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തി പ്രാഥമിക ചികിത്സ നേടി. തുടർന്ന് ഇവരെ ജനറൽ ആശുപത്രിയിലെത്തിച്ച് പേവിഷ പ്രതിരോധ വാക്സിനേഷനും നൽകി. പരിക്കേറ്റവരും നായയും കർശന നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.