
അമേരിക്കയിൽ കഞ്ചാവ് കേസിൽ പിടിയിലായവർക്ക് പൊതുമാപ്പ് നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. നിശ്ചിത അളവിന് താഴെ കഞ്ചാവ് ഉപയോഗിച്ചതിനോ കൈവശം വെച്ചതിനോ രാജ്യത്തെ പൗരൻമാർക്ക് നിയമനടപടിയും ജയിൽ വാസവും നേരിടണ്ടി വരില്ല എന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ ഉത്തരവ്. അമേരിക്കയിൽ കഞ്ചാവ് ഭാഗികമായി നിയമവിധേയമാക്കുന്നതിനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു, ഇതിന്റെ ചുവടുപിടിച്ച് പുതിയ നിയമം എല്ലാ സംസ്ഥാനങ്ങളിലും ഉടനെ നടപ്പിലാക്കാനാണ് നീക്കം.
ആയിരക്കണക്കിന് ആളുകളുടെ ജീവിതം കഞ്ചാവ് കേസിൽപ്പെട്ട് നശിപ്പിച്ചിട്ടുണ്ടെന്നും ഇത് ആളുകൾക്ക് ലഹരിയോടുള്ള തെറ്റായ സമീപനത്തിന്റെ ഭാഗമായാണെന്നും ഈ തെറ്റുകൾ തിരുത്തുവാനുള്ള സമയമാണ് നൽകുന്നതെന്നും ജോ ബൈഡൻ പറഞ്ഞു. ‘കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിലോ കൈവശം വെച്ചതിന്റെ പേരിലോ മാത്രം ആരും ജയിലില്‍ കിടക്കേണ്ടതില്ല. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷയനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ അമേരിക്കയിലുണ്ട്. അവര്‍ക്കൊക്കെ തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടാം. ഇതെല്ലാം ഒഴിവാക്കാനാണ് ഞാന്‍ ഇത്തരമൊരു തീരുമാനമെടുത്തത്.’. ബൈഡന്‍ കൂട്ടിച്ചേർത്തു. നിലവിൽ അമേരിക്കയിലെ ചില സംസഥാനങ്ങളിൽ കഞ്ചാവിന്റെ ഉപയോഗവും വിൽപ്പനയും നിയമവിധേയമാണ്. കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിക്കുന്ന 6,500-ാളം പേർക്ക് പുതിയ ഉത്തരവ് പ്രകാരം ഇളവ് ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.