mp-congress-mla-

സാഗർ: കൈക്കുഞ്ഞുമായി ട്രെയിനിൽ യാത്ര ചെയ്ത യുവതിയെ ശല്യം ചെയ്ത് രണ്ട് കോൺഗ്രസ് എം എൽ എമാർക്കെതിരെ പൊലീസ് കേസെടുത്തു. മദ്ധ്യപ്രദേശിലെ കോട്മയിൽ നിന്നുള്ള എം എൽ എമാരായ സുനില്‍ സറഫ്,സത്നയില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ് കുശ്വാഹ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മദ്ധ്യപ്രദേശ് കോൺഗ്രസിന്റെ ഒ ബി സി വിഭാഗത്തിന്റെ പ്രസിഡന്റ് കൂടിയാണ് സിദ്ധാര്‍ത്ഥ് കുശ്വാഹ.

വ്യാഴാഴ്ച റെവാഞ്ചല്‍ എക്സ്പ്രസിന്റെ എസി കോച്ചിൽ യുവതി യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന പ്രതികൾ കൈകുഞ്ഞിനോടൊപ്പം യാത്ര ചെയ്ത യുവതിയുടെ സീറ്റിനടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. ഭയചകിതയായ യുവതി ഭർത്താവിനെ ഫോണിൽ വിവരമറിയിക്കുകയും തുടർന്ന് ഭർത്താവ് റെയിൽവെ മന്ത്രാലയത്തെയും റെയിൽവേ പൊലീസിനെയും പരാമർശിച്ച് കൊണ്ട് ട്വീറ്റ് ചെയ്തതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്.നിലവിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി സെക്ഷന്‍ 354 പ്രകാരം എം എൽ എമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

കോൺഗ്രസ് എം എൽ എമാരുടെ യഥാർത്ഥ മുഖം വെളിപ്പെട്ടതായി സംഭവത്തിൽ പ്രതികരിച്ച മദ്ധ്യപ്രദേശ് ബി ജെ പി പ്രസിഡന്റ് വി ഡി ശർമ പറഞ്ഞു.