
ന്യൂയോർക്ക്: ചൈനയിലെ ഷിൻജിയാംഗ് മേഖലയിലെ മനുഷ്യാവകാശ സാഹചര്യം വിലയിരുത്താൻ ചർച്ച വേണോ എന്ന് തീരുമാനിക്കാൻ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നടന്ന പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഉയിഗൂർ വംശജർക്ക് നേരെ ചൈന കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് ആരോപണങ്ങൾ ഉയരുന്ന മേഖലയാണ് ഷിൻജിയാംഗ്.
ബ്രസീൽ, മെക്സിക്കോ, യുക്രെയിൻ തുടങ്ങി മറ്റ് 10 രാജ്യങ്ങളും വിട്ടുനിന്നു. ചൈന, പാകിസ്ഥാൻ, നേപ്പാൾ തുടങ്ങി 19 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു. 17 രാജ്യങ്ങളാണ് പ്രമേയത്തിന് അനുകൂല വോട്ടിട്ടത്. കാനഡ, ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്‌ലൻഡ്, നോർവേ, സ്വീഡൻ, യു.കെ, യു.എസ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 47 അംഗങ്ങളാണ് കൗൺസിലിലുള്ളത്.