hh

പാലക്കാട് : വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഉടമ അരുൺ അറസ്റ്റിൽ. പ്രേരണാക്കുറ്റം ചുമത്തിയാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് അമിത വേഗത്തിലാണെന്ന് 19 തവണ അലർട്ട് സന്ദേശമയച്ചിട്ടും അരുൺ അവഗണിച്ചതായി പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. വേഗത കൂടിയെന്ന അലർട്ട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുൺ അവഗണിച്ചു. സംഭവത്തിൽ ഡ്രൈവർ ജോമോനെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മനഃപൂർവമുള്ള നരഹത്യക്കാണ് ജോമോനെതിരെ കേസടുത്തിരിക്കുന്നത്. ജോമോനെ ഇന്ന് അപകടം നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു.

അതേസമയം കെ,​എസ്.ആർ.ടി.സി ബസ് സഡൻ ബ്രെക്കിട്ടതാണ് അപകട കാരണമെന്നാണ് നേരത്തെ ജോമോൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ, ജോമോന്റെ വാദം പോലീസ് പൂർണമായും തള്ളി. ഇയാൾ അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.