stray-dog-feeder

കേരളത്തിന്റെ തെരുവുനായ പ്രശ്നം സുപ്രീം കോടതി പടിക്കൽ വരെ എത്തി നിൽക്കുന്നതായി എല്ലാവർക്കും അറിയാം. തെരുവുനായ്ക്കൾക്കായി വാക്സിനേഷൻ ഡ്രൈവ് അടക്കം നടക്കുന്നുണ്ടെങ്കിലും ദിനം പ്രതി സാധാരണക്കാർക്ക് തെരുവുനായയുടെ കടിയേൽക്കുന്ന വാർത്തകൾക്ക് ഒരു കുറവും വന്നിട്ടില്ല. അത് കൊണ്ട് തന്നെ തെരുവുനായകളെ കുറിച്ചുളള അശുഭകരമായ വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ഇതിന് വിപരീതമായി ഒരു തെരുവുനായയുടെ ഓമനത്തം നിറഞ്ഞ വീഡിയോ കണ്ടവരുടെയെല്ലാം മനം കീഴടക്കുകയാണ്.


ലോക്ക്ഡൗൺ കാലയളവിൽ താൻ സ്ഥിരമായി ഭക്ഷണം നൽകിയിരുന്ന തെരുവുനായയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം മുംബയ് സ്വദേശിയായ 'പ്രിയങ്ക ചൗബൽ' തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെയ്ക്കുകയായിരുന്നു. പ്രിയങ്ക നൽകിയ ബിസ്കറ്റ് അരുമയായി കഴിക്കുന്ന തെരുവുനായയുടെ അനുസരണയും സ്നേഹപ്രകടനവും അടങ്ങുന്ന വീഡിയോ നൊടിയിടയിൽ തന്നെ നിരവധി പേരുടെ മനസ്സ് കീഴടക്കി. ഓഫീസിലേയ്ക്കുള്ള ബസ്സ് നഷ്ടടപ്പെട്ടത് കൊണ്ട് സമീപത്തുള്ള അമ്പലത്തിൽ എത്തിയ പ്രിയങ്ക അവിചാരിതമായാണ് 2020 ലോക്ക്ഡൗൺ കാലയളവിൽ ഭക്ഷണം നൽകിയിരുന്ന തെരുവുനായകളിൽ ഒന്നിനെ കണ്ടുമുട്ടിയത്. നിമിഷനേരം കൊണ്ട് തന്നെ തിരിച്ചറിഞ്ഞ നായയ്ക്ക് പ്രിയങ്ക കഴിക്കാനായി ബിസ്ക്കറ്റുകൾ നൽകിയിരിക്കുന്നതും വീഡിയോയിൽ കാണാം. "വളരെയധികം ആത്മാർത്ഥതയുള്ള തെരുവുനായകൾ നമ്മുടെ സ്നേഹം അർഹിക്കുന്നതായി" പ്രിയങ്ക വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.

View this post on Instagram

A post shared by BHAGYA FEEDS -PRIYANKA CHAUBAL (@straydogfeederandheri)

വീഡിയോ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും ചില മൃഗസ്നേഹികൾ വീഡിയോയുടെ കമന്റ് സെക്ഷനിൽ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തി. തെരുവുനായയ്ക്ക് മധുരം അടങ്ങിയ ബിസ്കറ്റുകൾ കഴിക്കാൻ നൽകിയത് ശരിയായില്ല എന്നതായിരുന്നു അവരുടെ അഭിപ്രായം. അവയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ബിസ്കറ്റുകൾക്ക് പകരം താരതമ്യേനേ മധുരം കുറഞ്ഞ ബ്രെഡ് കഴിക്കാൻ നൽകാൻ നിർദേശിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടു. എന്തായാലും പ്രിയങ്കയുടെ "സ്ട്രേ ഡോഗ് ഫീഡർ അന്തേരി" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.