ff

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം പതിപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് വിദയത്തുടക്കം. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിന് ഗംഭീര തുടക്കമിട്ടു. യുക്രെയിൻ താരം ഇവാൻ കല്യൂഷ്‌നി രണ്ട് ഗോളും അഡ്രിയാൻ ലൂണ ഒരു ഗോളും നേടി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ബ്ലാസ്റ്റേഴ്‌സ് 72 ാം മിനിട്ടിൽ അഡ്രിയാൻ ലൂണയിലൂടെയാണ് മുന്നിലെത്തിയത്. ഹർമൻജോത് ഖബ്രയുടെ ഓവർഹെഡ് പാസിൽ നിന്നാണ് ലൂണ ലക്ഷ്യം കണ്ടത്.

ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾക്ക് കരുത്തേറുന്നതിനിടെ 79-ാം മിനിട്ടിൽ കോച്ച്, ഇവാൻ കല്യുഷ്‌നിയെ കളത്തിലിറക്കി. 81-ാം മിനിറ്റിൽ തന്റെ ആദ്യ ടച്ച് തന്നെ ഇവാൻ ഗോളാക്കി മാറ്റി. ഇടതുഭാഗത്തു നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ഇവാൻ ഈസ്റ്റ് ബംഗാൾ താരങ്ങളെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതിനിടെ 87-ാം മിനിറ്റിൽ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഇവാൻ തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയമുറപ്പിച്ചു.