
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ നിന്ന് രോഗിയ്ക്ക് മരുന്ന് മാറി നൽകി. ഇസ്നോഫീലിയയ്ക്കുള്ള മരുന്നിന് പകരം മൂത്രാശയ രോഗത്തിനുള്ള മരുന്നാണ് അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി വിനോദിന് കാരുണ്യ ഫാർമസിയിൽ നിന്നും ലഭിച്ചത്. ഇതിനെ തുടർന്ന് വിനോദ് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പൊലീസിനും വിഷയത്തിൽ പരാതി നൽകി.
തന്റെ പതിനൊന്ന് വയസകാരനായ മകന്റെ ചുമ പരിശോധിക്കുന്നതിനായി കഴിഞ്ഞ ദിവസം വിനോദ് മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയിരുന്നു. ഇവിടെ നിന്നും ഡോക്ടർ എഴുതി നൽകിയ മരുന്നിന്റെ ലഭ്യതക്കുറവ് മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിലെത്തിച്ചേരുക ആയിരുന്നു. എന്നാൽ ഡോക്ടറിന്റെ കുറിപ്പടിയിലുള്ള 'സോളിടൈർ' എന്ന മരുന്നിന് പകരം വേറൊരു മരുന്നാണ് ഫാർമസിയിൽ നിന്നും ലഭിച്ചത്. സംശയം കൊണ്ട് മംഗലപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ തിരികെയെത്തി പരിശോധിച്ചപ്പോഴാണ് മൂത്രസംബന്ധമായ ചികിത്സയ്ക്കുള്ല മരുന്നാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഫാർമസി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റവും വീഴ്ചയും ചൂണ്ടിക്കാണിച്ച് പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതിപ്പെടുക ആയിരുന്നു