
കൊച്ചി: കൊച്ചിയിൽ പിടികൂടിയ 200 കിലോ ഹെറോയിന് പിന്നിൽ പാക് സംഘമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. പാകിസ്ഥാൻ കേന്ദ്രമാക്കിയുള്ള ഹാജി അലി നെറ്റ്‌വർക്കാണ് ഹെറോയിൻ കടത്തിന് പിന്നിലെന്ന് എൻ.സി.ബി അറിയിച്ചു. പാകിസ്ഥാനിൽ നിന്ന് പുറപ്പെട്ട ചരക്ക് ശ്രീലങ്കയിലേക്കാണ് നീങ്ങിയത്. ഇതിന്റെ ഒരു ഭാഗം പിന്നീട് ഇന്ത്യയിൽ എത്തിക്കാൻ പദ്ധതി ഉണ്ടായിരുന്നതായും എൻ,സി.ബി അറിയിച്ചു.
മത്സ്യബന്ധന ട്രോളറിൽ കൊണ്ടുവന്ന 200 കിലോ ഹെറോയിൻ കൊച്ചി പുറങ്കടലിൽ വച്ച് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നേവിയും ചേർന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ലഹരിക്കടത്തിന് ഇടനിലക്കാരായ ആറ് ഇറാൻ പൗരൻമാരെയും കസ്റ്റഡിയിലെടുത്തിരുന്നു.
പുലർച്ചെ പുറംകടലിൽ പരിശോധന നടത്തവേ സംശയം തോന്നിയ ഉരു കോസ്റ്റുഗാർഡ് പിന്തുടർന്ന് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. രഹസ്യ അറകളിൽനിന്നാണ് പാക്കറ്റുകളാക്കിയ നിലയിൽ ഹെറോയിൻ കണ്ടെത്തിയത്. തുടർന്ന് നാവികസേനയുടെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെത്ത് ഉരുവുമായി രാവിലെ എട്ടരയോടെ മട്ടാഞ്ചേരിയിലെത്തി. ഇതിനകം എൻ.സി.ബി സംഘം കൊച്ചിതീരത്ത് എത്തിയിരുന്നു. പ്രതികളെ കപ്പലിൽവച്ച് നാവികസേന പ്രാഥമികമായി ചോദ്യംചെയ്തിരുന്നു. പുറംകടലിൽ നാവികസേനയും കോസ്റ്റുഗാർഡും തീരസുരക്ഷ ഉറപ്പാക്കാൻ റോന്തുചുറ്റുന്നുണ്ട്. ഇതിനിടെയാണ് ഉരു നേവിയുടെ കണ്ണിൽപ്പെട്ടത്.
ലക്ഷദ്വീപ് തീരംവഴി ഹെറോയിൻ കടത്താൻ ശ്രമിച്ച നാല് ബോട്ടുകളും ഹെറോയിനും ആയുധങ്ങളും നേരത്തെ രണ്ടുവട്ടം നാവികസേന പിടിച്ചെടുത്തിരുന്നു. ഈ കേസുകളിൽ അന്വേഷണം പുരോഗമിക്കെയാണ് പുറംകടലിൽവച്ച് വീണ്ടും ലഹരിവേട്ട നടന്നത്. ലോകത്ത് ഏറ്റവുമധികം ഹെറോയിൻ നിർമ്മിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. ഇവിടെനിന്ന് താലിബാന്റെ അറിവോടെ ഇറാൻതീരത്ത് എത്തിക്കുന്ന ലഹരിമരുന്ന് ബോട്ടുകളിൽ സൂക്ഷിച്ച് കടൽമാർഗം കടത്തുകയാണ് ചെയ്യുന്നത്. മത്സ്യബന്ധനത്തൊഴിലാളികളെന്ന വ്യാജേനെ പാക്, ഇറാൻ പൗരന്മാരാണ് ബോട്ടിൽ സഞ്ചരിക്കുന്നത്. യാത്ര തടയുന്നവരെ നേരിടാൻ ഇവർ ആയുധങ്ങളും സൂക്ഷിക്കുന്നത് പതിവാണ്.