
തൃശൂർ: വടക്കഞ്ചേരിയിൽ കെ എസ് ആർ ടി സി ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യാത്രക്കാരുടെയും കെ എസ് ആർ ടി സി ജീവനക്കാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. കെ എസ് ആർ ടി സി ബസ് പെട്ടെന്ന് നിർത്തിയതുകൊണ്ടാണ് അപകടമുണ്ടായതെന്നായിരുന്നു ഡ്രൈവർ ജോജോ പത്രോസ് പറഞ്ഞിരുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് പൊലീസ് നടപടി.
ജോജോയെ വടക്കഞ്ചേരിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും. ഇന്നലെ ബസുടമ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്തു.
അതേസമയം, വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്നും തുടരും. ഗതാഗത കമ്മീഷണറുടെ നിർദേശ പ്രകാരമാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയ 134 വാഹനങ്ങൾ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.