
നാട്ടിൽ വന്നപ്പോൾ മിഠായി കഴിച്ചശേഷം അതിന്റെ കടലാസ് ഇടാൻ വേസ്റ്റ് ബിൻ നോക്കിയിട്ട് എങ്ങും കണ്ടില്ലെന്നും ഇനി വരുമ്പോൾ ഇതിനു മാറ്റമുണ്ടാകുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് രണ്ടാം ക്ളാസുകാരി സാറയുടെ ചോദ്യം.
മാലിന്യമില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നതെന്നും അതിനുള്ള കഠിന പരിശ്രമങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി കരഘോഷത്തോടെ സദസ് സ്വീകരിച്ചു. നോർവേയിൽ മലയാളി അസോസിയേഷനായ 'നന്മ' യുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സാറ നാട്ടിലെ അനുഭവം തുറന്നു പറഞ്ഞത്.
രണ്ട് അക്കാദമീഷ്യൻമാർ സിംഗപ്പൂരിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത് ഓർമ്മിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അവിടെ ബസ്സിൽ നിന്നിറങ്ങിയ അവർ ടിക്കറ്റ് റോഡിലിടുന്നത് കണ്ട സ്കൂൾ കുട്ടികൾ അമ്പരന്നു പോയി. ഇതു കണ്ട് തെറ്റ് മനസ്സിലാക്കിയ അവർ റോഡിൽ നിന്നു ടിക്കറ്റ് എടുത്ത് വേസ്റ്റ് ബിന്നിലിട്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഈ അവബോധം വേണ്ടത്ര വന്നിട്ടില്ല. മാലിന്യ സംസ്കരണം പ്രധാന പ്രശ്നമായി കണ്ട് അത് പരിരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നത്.
നോർവേയിൽ പൊതു വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് പറഞ്ഞ മലയാളികൾ നാട്ടിലെ വിദ്യാഭ്യാസത്തിന്റെ മികവാണ് തങ്ങൾക്കെല്ലാം ഇവിടെ ഉന്നതമായ ജോലി ലഭിക്കുന്നതിന് സഹായകരമായതെന്ന് പറഞ്ഞു.
മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിയായ സീമ സ്റ്റാൻലി എഴുതിയ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.