
സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസർ നെയിമുകളും പാസ് വേഡുകളും ചോർന്നതായി ഫേസ്ബുക്ക്. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുമെന്നും ഫേസ്ബുക്ക് അറിയിച്ചു, ആപ്പിളിന്റെയും ആൽഫബെറ്റിന്റെയും സോഫ്റ്റ്‌വെയറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളിലാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടായിരിക്കുന്നത്.
ഉപഭോക്താക്കളുടെ ലോഗിൻ വിവരങ്ങൾ ചോർത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 400ഓളം ഐഒഎസ് ആപ്പുകൾ തിരിച്ചറിഞ്ഞതായി ഫേസ്ബുക്ക് കഴിഞ്ഞദിവസം പറഞ്ഞു. ആപ്പിളിനെയും ഗൂഗിളിനെയും ഈ പ്രശ്നങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ആപ്പുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ഫേസ്ബുക്ക് അറിയിച്ചു. ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ, മൊബൈൽ ഗെയിമുകൾ, ഹെൽത്ത് ട്രാക്കറുകൾ എന്നീ പേരുകളിലാണ് ഈ ആപ്പുകൾ പ്രവർത്തിക്കുന്നത്.
അതേസമയം, ഫേസ്ബുക്ക് അറിയിച്ച 400 ആപ്പുകളിൽ 45 എണ്ണം നീക്കം ചെയ്തതായി ആപ്പിൾ അറിയിച്ചു. എന്നാൽ 400 ആപ്പുകളും ഗൂഗിൾ നീക്കം ചെയ്തു. ജനപ്രീതിയുള്ള ആപ്പുകളുടെ മാതൃക അനുകരിച്ചാണ് കുറ്റവാളികൾ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കുന്നത്. മെറ്റയുടെ ഗ്ലോബൽ ത്രെട്ട് ഡിസ്രപ്ഷൻ ഡയറക്ടർ ഡേവിഡ് അഗ്രനോവിച് പറഞ്ഞു. ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് വേണ്ടി റിലീസ് ചെയ്യാത്ത ഫീച്ചറുകൾ വാഗ്ദ്ധാനം ചെയ്യുന്ന ആപ്ലിക്കേഷനുകളാണെങ്കിൽ അപകടം ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അപകടകാരികളായ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ അവ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി ലോഗിൻ ചെയ്യാൻ ആവശ്യപ്പെടും. യൂസർ നെയിമും പാസ്‌വേഡും നൽകുന്നതുവഴി ഉപഭോക്താക്കൾ അറിയാതെ തന്നെ അവരുടെ അക്കൗണ്ട് അപകടത്തിലാവും.