kalady-drugs-case

കൊച്ചി: ഓറഞ്ച് ഇറക്കുമതി​യുടെ മറവിൽ 1476 കോടി​യുടെ മയക്കുമരുന്ന് മുംബയിലേക്കു കടത്തി​യ കേസിൽ അന്വേഷണ പരിധിയിലുള്ള മലപ്പുറം വേങ്ങര ഇന്ത്യനൂരി​ൽ മൻസൂർ തച്ചമ്പറമ്പി​​ൽ കേരളത്തി​ലെ പ്രമുഖ പഴം വ്യാപാരികൾക്കു വേണ്ടിയും​ പഴങ്ങൾ ഇറക്കിയെന്ന സൂചന ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലി​ജൻസ് (ഡി​.ആർ.ഐ) അന്വേഷിക്കുന്നു.

ദക്ഷി​ണാഫ്രി​ക്കയി​ൽ കഴി​യുന്ന മൻസൂർ കൊച്ചി​യി​ലും കോഴി​ക്കോട്ടുമുള്ള വ്യാപാരി​കൾക്കായാണ് രണ്ട് വർഷത്തി​നി​ടെ കണ്ടെയ്‌നറുകൾ ഇറക്കി​യത്. ഇവ കൊച്ചി​ തുറമുഖത്തേക്ക് നേരി​ട്ടെത്തി​യതാണോയെന്നും പരി​ശോധി​ക്കുന്നുണ്ട്.

കാലടിയിലെ യമ്മിറ്റോ ഫുഡ്സ് ഇന്റർനാഷണലിനു വേണ്ടി​ 313 ഷി​പ്പ്മെന്റുകൾ എത്തി​യി​രുന്നു. ഇവ മുഴുവൻ മുംബയി​ലാണ് ഇറക്കി​യത്. ഇവയി​ൽ കുറെ കപ്പലിൽ കൊച്ചി​യി​ലെത്തി​ക്കുകയായി​രുന്നു.

ജോഹന്നാസ് ബർഗിൽ മോർഫ്രഷ് എക്സ്‌പോർട്ട്സ് എന്ന കമ്പനിയുടെ ഉ‌ടമയാണ് മൻസൂർ. യമ്മിറ്റോ കമ്പനിക്കായി മോർ ഫ്രഷ് മുംബയിൽ ഇറക്കി​യ ഓറഞ്ച് പെട്ടി​കളി​ൽ നി​ന്നാണ് 198 കി​ലോ അതീവ ശുദ്ധമായ ക്രി​സ്റ്റൽ മെത്താംഫെറ്റാമി​നും 9 കി​ലോ കൊക്കെയി​നും കഴി​ഞ്ഞയാഴ്ച പി​ടി ​കൂടി​യത്. യമ്മി​റ്റോയുടെ എം.ഡി​ വി​ജി​ൻ വർഗീസ് അറസ്റ്റി​ലുമായി​. മയക്കുമരുന്നു കടത്തി​ൽ പ്രധാന പങ്കു വഹി​ച്ചത് മൻസൂറാണെന്നാണ് ഡി​.ആർ.ഐ നി​ഗമനം.മൻസൂറി​നെ ഇന്ത്യയി​ലെത്തി​ക്കാനുള്ള ശ്രമത്തി​ലാണ് ഡി​.ആർ.ഐ. രണ്ടാഴ്ച മുമ്പ് ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ തി​രി​ച്ചെത്തി​യ മൻസൂർ ഡി​.ആർ.ഐ പി​ടി​ച്ചെടുത്ത കണ്ടെയ്‌നർ അയച്ച സഹായി​ അമൃത് പട്ടേലി​നെതി​രെ ജോഹന്നാസ് ബർഗ് പൊലീസി​ന് പരാതി​ നൽകി​യി​ട്ടുണ്ട്.

യമ്മിറ്റോയുടെ കാലടി​യി​ലെ സംഭരണ കേന്ദ്രത്തി​ൽ സൂക്ഷി​ച്ചി​രുന്ന നൂറുകണക്കി​ന് പെട്ടി​കളി​ലെ വി​ദേശ ഫലവർഗങ്ങൾ പകുതി​യി​ലേറെയും ഉപയോഗശൂന്യമായതായി​രുന്നു. ഇവ സമീപത്തെ പന്നി​ഫാമി​ൽ തീറ്റയായും നൽകി​യി​ട്ടുണ്ട്. വി​ലയേറി​യ ഓറഞ്ചും ആപ്പി​ളും മറ്റും കുറഞ്ഞ വി​ലയ്ക്ക് കാലടി​യി​ലെ കടയി​ലും നി​രത്തുവക്കി​ലും വി​റ്റഴി​ച്ചി​രുന്നു. വാഴക്കുളത്തെ ശീതി​കരി​ച്ച ഗോഡൗണി​ൽ വാടകയ്ക്കെടുത്ത സ്ഥലത്ത് സൂക്ഷി​ച്ചി​ട്ടുള്ള പെട്ടി​കളി​ലെ പഴവർഗങ്ങൾ ഉപയോഗ യോഗ്യമാണ്. ഒന്നര മാസം മുമ്പാണ് കാലടി​യി​ലെ പുതി​യ കെട്ടി​ടത്തി​ൽ ശീതീകരണ സംവി​ധാനമുള്ള ഗോഡൗണും ഓഫീസും വി​ജി​ൻ വർഗീസ് ആരംഭി​ച്ചത്. കഴിഞ്ഞ വർഷം വിജിനും സഹോദരൻ ജിബിനും ഡയറക്ടർമാരായി കൊച്ചിയിൽ രജിസ്റ്റർ ചെയ്ത മോർ ഫ്രഷ് ഇന്ത്യ എന്ന കമ്പനി ഇടപാടുകൾ നടത്തിയതായി വ്യക്തമായിട്ടില്ല.