
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. നഷ്‌ടത്തിന്റെ കണക്കുകൾ ഉൾപ്പെടുത്തി, സമരം എത്രയും പെട്ടെന്ന് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
കല്ലുകൊണ്ടുവരാനോ നിർമാണം നടത്താനോ സാധിക്കുന്നില്ല. അൻപത്തിമൂന്ന് ദിവസമായി പദ്ധതിയുടെ നിർമാണ പ്രവർത്തനം പൂർണമായി മുടങ്ങിയിരിക്കുകയാണ്. തുറമുഖ നിർമാണത്തിൽ ഇതുവരെ നൂറ് കോടി രൂപ ചെലവഴിച്ചു. സമരത്തിന്റെ പ്രത്യാഘാതം ആറ് മാസത്തോളം പദ്ധതിയെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കേസ് അടുത്തയാഴ്ച വീണ്ടും കോടതി പരിഗണിക്കും.
അതേസമയം, അദാനി ഗ്രൂപ്പിന്റെ ആശങ്ക മുഖവിലയ്‌ക്കെടുക്കേണ്ടി വരുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. എന്ത് വിട്ടുവീഴ്ചകൾ ചെയ്തും വിഴിഞ്ഞത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും സമരസമിതിയുമായും കമ്പനിയുമായും ചർച്ച നടത്തുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
2023 മെയ് മാസത്തിൽ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിടും എന്ന് നേരത്തെ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ഓഗസ്റ്റ് 16നാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്.